
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തു വന്ന സാഹചര്യത്തിലാണിത്. വിശദമായ അന്വേഷണം ആവശ്യമുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
കേസിൽ സാഹചര്യം മാറിയിട്ടുണ്ടന്നും മുൻ ഡിജിപി ആർ.ശ്രീലേഖ നടത്തിയ പുതിയ വെളിപ്പെടുത്തൽ പരിശോധിക്കേണ്ടതുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ അനുവദിച്ച സമയം ഈ മാസം 15 ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നടപടി. പ്രോസിക്യൂഷന്റെ ഹർജി നാളെ പരിഗണിച്ചേക്കും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം ഇന്ന് പുറത്തു വന്നിരുന്നു. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് കണ്ടെത്തൽ. ഫോറൻസിക് റിപ്പോർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്.
എന്താണ് ഹാഷ് വാല്യൂ?
ഈ സാഹചര്യത്തിൽ എന്താണ് ഹാഷ് വാല്യൂവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധിയായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഹാഷ് വാല്യൂ. ഹാഷ് വാല്യൂ എന്നാൽ ഒരു അൽഗോരിതം നിർമ്മിക്കുന്ന അക്കങ്ങളുടെ ശൃംഖലയാണ്. ഏറ്റവും എളുപ്പത്തിൽ ഹാഷ് വാല്യൂവിനെ ഇങ്ങിനെ വിശേഷിപ്പിക്കാം. എല്ലാ ഇലക്ട്രോണിക് ഫയലിനും ഒരു ഹാഷ് വാല്യൂ ഉണ്ട്. നിങ്ങൾ ഫോട്ടോ എടുക്കുമ്പോഴും ഇ-മെയിൽ അയക്കുമ്പോഴും ഒരു ഹാഷ് വാല്യൂ അതിന്റെ കൂടെ എഴുതപ്പെടുന്നുണ്ട്. ആ ഫയലിൽ മാറ്റം വരുമ്പോൾ ആ ഹാഷ് വാല്യുവിലും മാറ്റം വരും.
ഹാഷ് വാല്യൂ നിർണായകമാകുന്നത്
തെളിവായി സർപ്പിക്കപ്പെട്ട ഒരു മെമ്മറി കാർഡിൽ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ആ ഫയൽ വീണ്ടും തുറന്ന് ഏതോ തരത്തിൽ മാറ്റം വരുത്തിയെന്നാണ്. എന്ത് ചെയ്തു, എവിടേക്ക് മാറ്റി എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കൂടുതൽ സാങ്കേതിക പരിശോധന ആവശ്യമാണ്. അതിനാൽ തന്നെ ഹാഷ് വാല്യൂ മാറുമ്പോൾ കൂടുതൽ വിശദമായ അന്വേഷണം ആവശ്യമായി വരും.