
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബ്ലാക്മെയിലിങ് ആരോപണവുമായി ദിലീപ് (Dileep) രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പ് ബിഷപ് ഇടപെട്ടെന്നും അതിന് പ്രതിഫലമായി പണം വേണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ഭീഷണിക്ക് വഴങ്ങാതെവന്നതോടെയാണ് തന്നെ കളളകേസിൽ കുടുക്കിയതെന്നാണ് ദിലീപിന്‍റെ നിലപാട്. ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാറും രംഗത്തെത്തി.
മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്‍റെ പുതിയ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ തന്നെ വന്ന് കണ്ടിട്ടുമുണ്ട്. കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീപ്പിക്കാം എന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുളള അടുപ്പം മുതലാക്കി അന്തിമ കുറ്റപത്രത്തിൽ പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്നു കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ദിലീപിന്റെ ആരോപണം.
ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും കളളത്തെളിവുകളുമായി എത്തിയതെന്നുമാണ് ദിലീപിന്‍റെ നിലപാട്. തന്‍റെ സിനിമയുമായി സഹകരിച്ചില്ലെങ്കിൽ എഡിജിപി സന്ധ്യയെ വിളിച്ചുപറഞ്ഞ് ജാമ്യം റദ്ദാക്കിക്കുമെന്നും ഭീഷണിപ്പെടുത്തി. പലപ്പോഴായി പത്തുലക്ഷം രൂപ വാങ്ങിയെടുത്തെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാൽ ദിലീപ് പണം നൽകിയത് സംവിധായകൻ എന്ന നിലയിലാണെന്നും ബ്ലാക് മെയിലിങ് ആരോപണം പച്ചക്കളളമാണെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. 27 ന് അന്വേഷണ പുരോഗതി റിപ്പോർട്ടിനൊപ്പം ഈ സത്യവാങ്മൂലവും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു.
ദിലീപിൻ്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam