ദിലീപ് ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ, ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം; സായിശങ്കറിനെ ചോദ്യം ചെയ്യും

Web Desk   | Asianet News
Published : Mar 16, 2022, 11:29 AM ISTUpdated : Mar 16, 2022, 11:30 AM IST
ദിലീപ് ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ, ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരണം; സായിശങ്കറിനെ ചോദ്യം ചെയ്യും

Synopsis

ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (Actress Attack Case)  ദിലീപിന്റെ  (Dileep) അഭിഭാഷകർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ദിലീപിന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി. ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. 

ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. 

അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു. 

ദിലീപിനെതിരായ  വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധനായ സായിശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെ സായിശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.

ദിലീപ് നശിപ്പിച്ചത് 12 വാട്സ്ആപ്പ് ചാറ്റുകൾ

നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകൾ പൂർണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ. നടി കേസുമായി ബന്ധപ്പെട്ട നിർണായക വ്യക്തികളാണിവർ. ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങൾ നശിപ്പിക്കപ്പെട്ടത്. 

മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ലാബിൽ നടത്തിയ പരിശോധനയിലാണ് നിർണായക രേഖകൾ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്റെ രസീതും ലാബിൽ നിന്ന് കിട്ടി.

ദിലീപിൻറെ അഭിഭാഷകർക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെൻറ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. മുൻ ആദായ നികുതി അസിസ്റ്റൻറ് കമ്മീഷണറായ വിൻസെൻറ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തൻറെയും ദിലീപിൻറെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെൻറ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി ആക്രമണത്തിനിരയാകുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെൻറ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെൻറ് സമ്മതിച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി