ആകസ്മികമായി രാഷ്ട്രീയത്തിലെത്തിയ കെ എസ് ശബരീനാഥൻ എംഎൽഎയും കൗൺസിലറുമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോ എന്ന ചർച്ചകൾ സജീവമാണ്.

തിരുവനന്തപുരം: ആകസ്മികമായി കേരള രാഷ്ട്രീയത്തിൽ എത്തി 10 വർഷത്തിനിടെ എംഎൽഎയും വാർഡ് കൗൺസിലറും ആയ നേതാവാണ് കെ എസ് ശബരീനാഥൻ. നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോ എന്ന ചർച്ചകൾ തിരുവനന്തപുരത്ത് സജീവമാകുമ്പോൾ പാർട്ടി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അദ്ദേഹം.

2015 ൽ അപ്രതീക്ഷിതമായാണ് കെ എസ് ശബരീനാഥൻ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത്. ജി കാർത്തികേയന്റെ വിയോഗത്തിന് ശേഷം അരുവിക്കരയിലാരെന്ന ചോദ്യത്തിന് പതിവ് ശൈലിയിൽ കോൺഗ്രസ് നൽകിയ ഉത്തരം. ഒന്നും രണ്ടും സീറ്റിന്റെ പച്ചയിൽ ആടിയുലഞ്ഞ് നിന്ന യുഡിഎഫ് സർക്കാരിനെ ശബരീനാഥൻ അരുവിക്കര കയറ്റി.

എട്ട് മാസത്തെ സോഷ്യൽ എൻജിനീയറിംഗ് ഫലം കണ്ടു. പ്രതീക്ഷകൾക്കപ്പുറത്തെ ഭൂരിപക്ഷത്തിലായിരുന്നു ജയം. മൂന്നാം തെരഞ്ഞെടുപ്പിൽ അടിപതറി. പാർട്ടി വേദികളിൽ തട്ടിത്തിരിഞ്ഞുനിന്ന ശബരീനാഥനെ കോർപറേഷൻ സ്ഥാനാർത്ഥിയാക്കിയത് തലസ്ഥാനത്തെ തദ്ദേശ ജയത്തിൽ തുറുപ്പ് ചീട്ടായെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങുമോ എന്ന് ചോദിച്ചാൽ- "എന്നോട് പാർട്ടി പറഞ്ഞു തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ. അതൊരു ഫൈറ്റായിരുന്നു. തിരുവനന്തപുരത്ത് യുഡിഎഫിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കി. പാർട്ടി പറയുന്നത് ചെയ്യുക എന്നതാണ് ഉത്തരവാദിത്വം. അതിൽ വ്യക്തിപരമായ ഇഷ്ട, അനിഷ്ടങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. പാർട്ടി പറയട്ടെ, മുന്നണി പറയട്ടെ."

സി പി ജോണിന്‍റെ സമ്മർദമുണ്ടെങ്കിലും ശബരി തിരുവനന്തപുരം സെൻട്രലിൽ ഇറങ്ങിയാൽ ഗുണമെന്ന് കരുതുന്നവരുണ്ട്. അതല്ല ഉരുക്കുകോട്ടയായിരുന്ന അരുവിക്കരയിൽ ഒരിക്കൽ കൂടി പരീക്ഷിക്കണമെന്ന് പറയുന്നവരും ഉണ്ട്.

YouTube video player