Actress Attack Case : 'നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം' പുതിയ ഹർജിയുമായി ദീലീപ് ഹൈക്കോടതിയിൽ

Published : Feb 03, 2022, 10:43 AM IST
Actress Attack Case : 'നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം' പുതിയ ഹർജിയുമായി ദീലീപ് ഹൈക്കോടതിയിൽ

Synopsis

വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി (Dileep). തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹർജിയിൽ ആരോപിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. 

വധഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

ഇന്നലെ കോടതിയിൽ നടന്നത്

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. ആവശ്യം പരിഗണിച്ച ആലുവ മജിസ്ട്രേറ്റ്, ഫോണുകൾ തുറക്കുന്നതിന് അതിന്‍റെ പാറ്റേൺ ഹാജരാക്കാൻ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകർ ആറു ഫോണുകളുടെയും പാറ്റേൺ ഉച്ചയ്ക്കുശേഷം കൈമാറി. മുദ്രവെച്ച കവറിലുളള ഫോണുകൾ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിന് അനുകൂലമായി മജിസ്ട്രേറ്റ് നിലപാട് എടുത്ത ഘട്ടത്തിലാണ് ദിലീപിന്‍റെ അഭിഭാഷകർ തടസവാദം ഉന്നയിച്ചത്. കോടതിയിൽവെച്ച് ഫോൺ തുറക്കരുതെന്നും പ്രോസിക്യൂഷൻ കൃത്രിമം കാണിക്കുമെന്നും ഇവർ ആവർത്തിച്ചു. തങ്ങൾക്ക് പാറ്റേൺ വേണ്ടെന്നും മജിസ്ട്രേറ്റ് പരിശോധിച്ചാൽ മതിയെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു.  തുറന്നകോടതിയിൽ ഫോണുകൾ പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് മജിസ്ട്രേറ്റ് പ്രതിഭാഗത്തോട് ചോദിച്ചു. ഫോൺ തുറക്കുന്നതിന് പ്രതികൾ കൈമാറിയ പാറ്റേൺ ശരിയാണോയെന്ന് ഉറപ്പുവരുത്താതെ ലാബിലേക്കയച്ചാൽ പരിശോധനാഫലം വൈകാൻ സാധ്യതയുണ്ടെന്ന് സർക്കാ‍ർ നിലപാടെടുത്തു. പാറ്റേൺ തെറ്റാണെങ്കിൽ കേസ് നടപടികൾ വീണ്ടും വൈകും. ഇത് മുന്നിൽക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തർക്കം തുടർന്നതോടെ  ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്ട്രേറ്റ് കോടതി മാറ്റുകയായിരുന്നു. തർക്കം ഉയർന്ന സാഹചര്യത്തിൽ പ്രതികളുടെ സാന്നിധ്യത്തിൽ ഫോൺ തുറക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല