പി കെ ശശിയെ സി പി എം പാർട്ടിയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തും ആഘോഷമാക്കി മണ്ണാർക്കാട് സിപിഎം പ്രവർത്തകർ.. മണ്ണാർക്കാടാണ് പി കെ ശശിയെ പുറത്താക്കിയതിൽ ആഹ്ളാദം പങ്കിട്ട് ലഡു വിതരണം ചെയ്തത്.
പാലക്കാട്: പി കെ ശശിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് സി പി എം പ്രവർത്തകർ. പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് സി പി എം പ്രവർത്തകർ പുറത്താക്കൽ ആഘാഷിച്ചത്. മണ്ണാർക്കാടാണ് പി കെ ശശിയെ പുറത്താക്കിയതിൽ ആഹ്ളാദം പങ്കിട്ട് ലഡു വിതരണം ചെയ്തത്. പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. പാർട്ടിക്കൊപ്പം നിന്നാൽ പി കെ ശശി ഇല്ലെങ്കിൽ വെറും ശരിയെന്ന് ഡി വൈ എഫ് ഐ മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഒരു പീഡന വീരനെ കൂടി യുഡിഎഫിന് കിട്ടി. തീവ്രത അളക്കാൻ ഇനി കുഞ്ഞാപ്പക്കും വി ഡി സതീശനും അവസരം കിട്ടട്ടെയെന്നും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രതികരിച്ചു.
ഇന്ന് ഉച്ചയോടെയാണ് പികെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വിവരം പുറത്തുവന്നത്.
സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും പികെ ശശി പറഞ്ഞു. വിമതരുടെ കൺവെൻഷൻ എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നത്. ഞങ്ങൾ ആഗ്രഹിച്ചതല്ല ഇതെന്നും നിർബന്ധിതമായതാണെന്നും പികെ ശശി വേദിയിൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സർക്കാറിൻ്റെ, ഭരണത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


