കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ( Actress Attack Case) തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് (Dileep) നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു. കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.
'ഒരു സാക്ഷിയുടെ മൊഴി ഇത്ര അന്വേഷിക്കാനെന്താ?', ഹൈക്കോടതി, 'തുടരന്വേഷണം തടയരുത്', നടി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാർച്ച് ഒന്നിനകം പൂർത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, അന്ന് അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് നൽകണം. ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിച്ചു. രണ്ട് മാസം അന്വേഷണത്തിനായി നൽകിയില്ലേ എന്നും ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നൽകാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ മാർച്ച് 1-നകം അന്വേഷണം പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും വാദിച്ചു. നേരത്തേയും കേസിൽ തുടരന്വേഷണം മാർച്ച് 1-ന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ അത് പ്രയാസമായിരിക്കുമെന്നും ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണം, അങ്ങനെ അന്വേഷണം പൂർത്തിയാക്കണം - കോടതി വ്യക്തമാക്കി. എന്നാൽ ഇത് വരെ നാൽപ്പത് പേരുടെ മൊഴി എടുത്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയിൽ നടി ആവശ്യപ്പെട്ടു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് താനീ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam