
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെ വിടാൻ തെളിവുകളെ വിചാരണക്കോടതി വളച്ചൊടിച്ചെന്നും നീതിപൂർവ്വമായിരുന്നില്ല വിചാരണയെന്നും അപ്പീലിൽ പറയുന്നു. പൾസർ സുനിയടക്കമുള്ള 6 പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ കോടതി ഇതേ തെളിവുകൾ ദിലീപിന്‍റെ കാര്യത്തിൽ സ്വീകരിച്ചില്ലെന്നും അപ്പീലിൽ ആരോപണമുണ്ട്. കൂട്ട ബലാത്സംഗത്തിന് പ്രതികൾക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയ വിചാരണ കോടതി നടപടി ഞെട്ടിക്കുന്നതാണെന്നും തെറ്റായ സന്ദേശം നൽകുമെന്നും അപ്പീലിൽ പറയുന്നു
ദിലീപ് അടക്കം 4 പ്രതികളെ വെറുതെ വിട്ടതിനെതിരെയും പൾസർ സുനിയടക്കമുള്ളവർക്ക് കുറഞ്ഞ ശിക്ഷ നൽകിയതും ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകിയത്. ഗൂഢാലോചനയിൽ പരമാവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും വിചാരണ കോടതി അത് ശരിയായ രീതിയിൽ പരിശോധിച്ചില്ലെന്നും വിചാരണ നീതിപൂര്‍വ്വമായിരുന്നില്ലെന്നും അപ്പീലിൽ പറയുന്നു
കേസിലെ ഒന്നാം പ്രതി സുനിലും ദിലീപും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കോടതി നിരാകരിച്ചു. 1മുതൽ ആറ് വരെയുള്ള പ്രതികളുടെ ഗൂഢാലോചന ശരിവെച്ച കോടതി ദിലീപിന്‍റെ കാര്യത്തിൽ ഈ തെളിവുകൾ പരിശോധിച്ചില്ല. കൂട്ട ബലാത്സംഗം ആണ് നടിയ്ക്കെതിരെ നടന്നത്. എന്നാൽ വിചാരണ കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷായായ 20 വർഷം തടവാണ്. ഇത് ഞെട്ടിക്കുന്നതാണ്. സ്വകാര്യതയും അന്തസ്സിനെയും ബാധിക്കുന്ന രീതിയിൽ അതികൂരമായ ആക്രമണമാണ് നേരിട്ടത്. എന്നിട്ടും കുറഞ്ഞ ശിക്ഷ നൽകിയത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ പറയുന്നു.
നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്‍റെ കൈയ്യിൽ എത്തിയതിന്‍റെ തെളിവായിരുന്നു സഹോദരന്‍റെ ഫോണിൽ നിന്ന് കിട്ടിയ സീൻ ബൈ സീൻ വിവരണം. കോടതി നിർദ്ദേശ പ്രകാരം അഭിഭാഷകനാണ് ദീപിന് വേണ്ടി ദൃശ്യം കണ്ടത്. ഇത് എഴുതിയെടുക്കാൻ സാധാരണ നിലയിൽ കഴിയില്ല എന്നും വ്യക്തം. ഇത് നിർണായക തെളിവായിട്ടും കോടതി പ്രോസിക്യൂഷനെ വിശ്വസിച്ചില്ല.
വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ വരുത്തിയ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് അപ്പീൽ. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നടത്തിയ പരിമർശം നീക്കണമെന്നും അപ്പീലിലിലുണ്ട്. കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനിൽ അടക്കമമുള്ളവരും നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam