നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

By Web TeamFirst Published Jan 28, 2022, 6:32 AM IST
Highlights

വിസ്താര നടപടികൾ ദീർഘിപ്പിക്കാൻ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണസംഘം ഇന്ന് വിചാരണക്കോടതിയിൽ സമ‍ർപ്പിക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയെന്ന വെളിപ്പെടുത്തൽ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണ പുരോഗതി റിപ്പോ‍ർടിനൊപ്പം വിസ്താര നടപടികൾ ദീർഘിപ്പിക്കാൻ വിചാരണക്കോടതി തന്നെ സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉന്നയിക്കും. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ പക്കലുളള ദൃശ്യങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയും പരിഗണിക്കുന്നുണ്ട്. 

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കം ആറ് പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ സാവകാശം വേണമെന്ന സർക്കാർ ആവശ്യത്തെ തുടർന്നാണ് നടപടി. ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടി.

മൂന്ന് ദിവസമായി 33 മണിക്കൂർ ദിലീപ് അടക്കമുള്ള  പ്രതികളെ  ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ ആണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇതൊടൊപ്പം ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാൻ കൂടുതൽ സാവകാശം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയത്. അതുവരെ ആറ് പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗൂഢാലോചന കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. എന്നാൽ ഫോൺ ഹാജരാക്കാനാകില്ലെന്നും സ്വന്തം നിലയിൽ സൈബർ പരിശോധന നടത്തി ഫലം കോടതിയ്ക്ക് കൈമാറാമെന്നും ദിലീപ് കഴിഞ്ഞ ദിവസം ക്രൈം ബ്രാ‌ഞ്ചിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളടക്കം ഹൈക്കോടതിയ്ക്ക കൈമാറിയ റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും.   ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് നാളെ ഹാജരാക്കുമെന്നാണ് അന്വേഷണം സംഘം നൽകുന്ന സൂചന. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നീട്ടണമെന്ന ആവശ്യം കോടതിയിൽ വീണ്ടും പ്രോസിക്യൂഷൻ ആവശ്യപ്പെടും. നിലവിൽ അധിക സാക്ഷി വിസ്താരത്തിനാണ് ഹൈക്കോടതി പത്ത് ദിവസംകൂടി അനുവദിച്ചിട്ടുള്ളത്. വിചാരണ നീട്ടണോ എന്ന കാര്യത്തിൽ പ്രത്യേക കോടതിയാണ് തീരുമാനമെടുക്കണ്ടത്.

click me!