
കൊച്ചി: നടന്‍ ദിലീപ് (Actor Dileep) പ്രതിയായ ക്വട്ടേഷന് പീഡനക്കേസില്‍ തുടരന്വേഷണത്തിന്‍റെ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (Special Investigation Team) ഇന്ന് വിചാരണക്കോടതിയില്‍ (Trial Court) സമര്‍പ്പിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്‍റെ തീയതിയും ഇന്ന് തീരുമാനിക്കും. വിചാരണക്കോടതി ഈ ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് അന്വേഷണ സംഘം അനുകൂല വിധി നേടിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന‍്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹർജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്.
തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ രാജി നല്‍കിയതിനാല്‍ അഭിഭാഷക ടീമിലുള്ള കെ ബി സുനില്‍ കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുക. ഇതിനിടെ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയിൽ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കൽ നിശ്ചയിച്ചതാണെങ്കിലും മജിസ്ട്രേറ്റിന് കൊവിഡ് ബാധിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്.
ദിലീപിന്‍റെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ആറാം പ്രതി ആലുവയിലെ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ അഞ്ച് പേരുകൾ ഉണ്ടായിരുന്നു. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ആറാമന്‍റെ റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിന്‍റെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്‍റെതാണെന്ന് സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam