
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) കാവ്യ മാധവന്റെ (Kavya Madhavan) ചോദ്യം ചെയ്യൽ എവിടെയെന്ന് ഇന്ന് തീരുമാനിക്കും. ചോദ്യംചെയ്യലിന് എത്താൻ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അറിയിക്കാൻ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.
ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. അഥേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഡോക്ടർ ഹൈദരലിയും ദിലീപിന്‍റെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിന്‍റെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്.
എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്. രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്.
പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു. അതിനിടെ, കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്‍റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗസിൽ നോട്ടീസ് നൽകി. അതിജീവിത നൽകി പരാതിയിലാണ് നടപടി. സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നടിയുടെ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ളത്. വിചാരണ നടക്കുന്ന കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായതെന്നും നടിയുടെ പരാതിയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam