
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രതികരണവുമായി നിരവധി പേർ രംഗത്ത്. അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണെന്നും അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നും റിമ കല്ലിങ്കൽ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. നേരത്തെ എഴുതിവച്ച വിധിയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ അജിത, ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യം എന്നും പ്രതികരിച്ചു.
ഇതെന്ത് നീതി എന്നാണ് പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇനി ശ്രദ്ധാപൂർവം തയ്യാറാക്കിയ ക്രൂരമായ ഒരു തിരക്കഥ ചുരുളഴിയുന്നത് കാണാമെന്നും പാർവതി എഴുതി. ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയോട് വിധിയെക്കുറിച്ച് സംസാരിച്ചെന്നും പി.രാജീവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ എന്നും എപ്പോഴും അതിജീവിതക്കൊപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അപ്പീൽ പോകുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ദിലീപിനെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്‍റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്‍റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. കൊച്ചിയിൽ താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടക്കുകയാണ്. പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ യോഗം ചർച്ച ചെയ്യും.
അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.