
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്. പ്രോസിക്യൂഷന്‍റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനും സ്വകാര്യ ചാനലിനുമെതിരെ ദിലീപ് നൽകിയ ഹർജികളും, ആർ ശ്രീലേഖയ്ക്കെതിരെ അതിജീവിത നൽകിയ ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശ്രീലേഖയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ അതിജീവിത ഇന്ന് കൂടുതൽ സമയം തേടി. അതിജീവിതയ്ക്കായി അഡ്വ. ടി ബി മിനിയാണ് കോടതിയിൽ ഹാജരായത്. എല്ലാ ഹർജികളും അടുത്ത മാസം 12-ന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി.
നടിയെ ആക്രമിച്ച കേസിൽ ആറ് കോടതി അലക്ഷ്യഹർജികളാണ് ഇന്ന് വിചാരണക്കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനും, സ്വകാര്യ ചാനലിനും എതിരെയായിരുന്നു ദിലീപിന്‍റെ കോടതിയലക്ഷ്യ ഹർജി. രഹസ്യവിചാരണയുടെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ഹർജിയിൽ ദിലീപിന്‍റെ വാദം. എന്നാൽ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാൻ വിചാരണക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതിക്ക് കൈമാറുകയാണ് വേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന്‍റെ നിലപാട് എതിർകക്ഷികളെ രക്ഷിക്കാനാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. അതിനിടയിലാണ് ആർ ശ്രീലഖേക്കെതിരായ കോടതിയലക്ഷ്യ ഹർജിയിൽ മറുപടിക്കായി അതിജീവിത കൂടുതൽ സമയം തേടിയത്. അതിജീവിതയ്ക്കായി അഡ്വ. ടി ബി മിനി ഇന്ന് കോടതിയിൽ ഹാജരായി. കഴിഞ്ഞ ദിവസം അഡ്വ. ടി ബി മിനി കോടതിയിൽ ഹാജരാകാതിരുന്നതിനെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പ്രാഥമികമായ വാദം കേട്ട കോടതി ഹർജികൾ അടുത്തമാസം 12 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
അതനിടെ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് എത്തിയപ്പോള്‍ വിചാരണക്കോടതി ജഡ്ജി എഴുന്നേറ്റ് നിന്നെന്ന പരാമർശത്തിൽ പൊലീസ് കേസെടുത്തു. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ ചാള്‍സ് ജോര്‍ജിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നേരത്തെ വിചാരണ കോടതിയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തി എന്ന പരാതി അന്വേഷിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam