തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ സിപിഐക്ക് മാനസികമായ തകരാരുണ്ടെന്ന് സിസി മുകുന്ദൻ എംഎൽഎ. പാർട്ടി അംഗങ്ങൾക്ക് തന്നെ അറിയാം. പാർട്ടിക്കെതിരെ അവർ വിമർശനമുന്നയിക്കും. അഞ്ചുവർഷക്കാലം പാർട്ടി എംഎൽഎയോടൊപ്പം പ്രവർത്തിച്ചോന്ന് അവർ പറയട്ടെയെന്നും സിസി മുകുന്ദൻ എംഎൽഎ
തൃശൂർ: പാർട്ടി പറയുന്നതൊന്നും ശരിയല്ലെന്ന് ജനങ്ങൾക്കറിയാമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ലെറ്റർ പാഡിൽ സത്യങ്ങൾ അല്ലേ എഴുതേണ്ടതെന്നും സിപിഐയിൽ നിന്ന് പുറത്താക്കപ്പെട്ട സിസി മുകുന്ദൻ എംഎൽഎ. തന്നെ ജനങ്ങൾ ഉൾക്കൊണ്ടതിൽ അവർക്ക് മാനസികമായ തകരാരുണ്ട്. പാർട്ടി അംഗങ്ങൾക്ക് തന്നെ അറിയാം. പാർട്ടിക്കെതിരെ അവർ വിമർശനമുന്നയിക്കും. അഞ്ചുവർഷക്കാലം പാർട്ടി എംഎൽഎയോടൊപ്പം പ്രവർത്തിച്ചോന്ന് അവർ പറയട്ടെയെന്നും സിസി മുകുന്ദൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ടുള്ള പാർട്ടി ലെറ്റർ പാഡിലെ വിമർശനത്തോടായിരുന്നു വിമർശനം.
ജില്ലാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും തന്നെ ദ്രോഹിച്ചവരെ തുറന്നുകാട്ടും. ഇവർ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്ന് മുന്നേ തുറന്നു പറഞ്ഞതാണ്, ഇനിയും പറയും. എന്നെ സിപിഐ സ്നേഹിച്ചില്ലെങ്കിലും ഒരുപാട് പാർട്ടികൾ എന്നെ സ്നേഹിക്കാൻ പോകുകയാണ്. കോൺഗ്രസ് അടക്കം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐക്ക് തന്നെ ഭയമാണ്, ഇപ്പോൾ നിരവധി ഭീഷണികൾ വരുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ട്, പക്ഷേ ജനങ്ങൾ സഹായിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധത്തോടും മുകുന്ദൻ പ്രതികരിച്ചു. അപ്പുറത്ത് നിന്നവരുമായി ചർച്ച നടക്കുമ്പോൾ പ്രതിഷേധം സ്വാഭാവികമാണ്. ബിജെപി അടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നെക്കുറിച്ചും ഇപ്പോൾ നിൽക്കുന്ന സ്ഥാനാർത്ഥിയെ കുറിച്ചും ജനങ്ങൾക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കുമെന്നും സിസി മുകുന്ദൻ പറഞ്ഞു.



