നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധമെന്ന് അതിജീവിത

Published : Sep 29, 2022, 09:50 AM IST
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്ക് പ്രതിയുമായി ബന്ധമെന്ന് അതിജീവിത

Synopsis

കേസിലെ പ്രതിയും വിചാരണ കോടതിയും തമ്മിലെ ബന്ധത്തിന് പൊലീസിന്റെ പക്കൽ തെളിവുണ്ടെന്നും അതിജീവിത സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു

ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത. ഇതിനായി സുപ്രിം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്ന് പറയുന്ന ഹർജിയിൽ, വിചാരണ കോടതി പ്രോസിക്യൂഷനോട് മുൻ വിധിയോടെ പെരുമാറിയെന്നും ആരോപിക്കുന്നുണ്ട്.

വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി. വിധിയുടെ വിശദാംശങ്ങൾ  പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

നടി കേസിലെ വിചാരണ പ്രത്യേക കോടതിയിൽ നിന്നും മാറ്റിയ നടപടി നിയമപരമല്ല എന്ന വാദം തള്ളി കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയ രജിസ്ട്രാറുടെ ഉത്തരവ്  കോടതി നടപടികളുടെ തുടർച്ചയാണെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതോടെ എറണാകുളം പ്രിൻസിപൽ സെഷൻസ് കോടതിയിൽ തന്നെ കേസിന്റെ വിചാരണ തുടരുന്ന നിലയായി. ഈ സാഹചര്യത്തിലാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണെന്ന് കോടതി വിലയിരുത്തി. ഈ ഘട്ടത്തിൽ പ്രതികളും പ്രോസിക്യൂഷനും വിചാരണയുമായി സഹകരിക്കണം. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും, പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവായി സമർപ്പിച്ച ഓഡിയോ ക്ലിപ്പിന് അധികാരികതയില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജിക്ക് എതിരായിട്ടുള്ള ആരോപണങ്ങളെല്ലാം കോടതി തള്ളിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം