നടിയെ ആക്രമിച്ച കേസ്, അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ

Published : May 08, 2022, 01:40 PM IST
നടിയെ ആക്രമിച്ച കേസ്, അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ

Synopsis

നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ. വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച 'അതിജീവിതക്കൊപ്പം' എന്ന പരിപാടിയിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഐക്യദാർഢ്യവുമായെത്തി. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress attack case) അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ. വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച 'അതിജീവിതക്കൊപ്പം' എന്ന പരിപാടിയിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഐക്യദാർഢ്യവുമായെത്തി. ദിലീപ് പ്രതിയായ കേസിലെ തുടരന്വേഷണം നടക്കുന്നതിനിടയിലും, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിൽ വിവാദങ്ങൾ പുകയുന്നതിനിടയിലുമാണ് എറണാകുളത്തെ കൂട്ടായ്മ. സംവിധായകൻ ബൈജു കൊട്ടാരക്കര, അമ്പിളി, അഡ്വ ടിബി മിനി, വിമണ്‍ ഇൻ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ച് ആശാ ജോസഫ് എന്നിവ‍ര്‍ സംസാരിച്ചു. 

വിചാരണ കോടതി ജഡ്ജിയെ മാറ്റണം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 'ജനനീതി'യെന്ന സംഘടനയാണ് കത്ത് നൽകിയത്. ജഡ്‌ജിയെ മാറ്റിയില്ലെങ്കിൽ മറ്റൊരു കോടതിയിലേക്ക് കേസിന്റെ നടപടി മാറ്റണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. വിചാരണ കോടതി ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് .സംഘടനയുടെ ചെയർമാൻ എൻ പദ്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി ലോക്കൂർ സംഘടനയുടെ ഉപദേശക സമിതി അംഗമാണ്.

നടി കേസിലെ അന്വേഷണ മേൽനോട്ട ചുമതല ആർക്കെന്ന് അറിയിക്കണം, പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം 

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു കൊട്ടാരക്കര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 

അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തും. 

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം