കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷൻ. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ ദൃശ്യങ്ങൾ (Actress attack case) അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.
എന്നാൽ ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം നടത്തിയതിൽ അന്തിമറിപ്പോർട്ട് ഏപ്രിൽ 18-ന് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിർദേശം നൽകി. അടുത്ത മാസം 15-ന് മുമ്പ് തുടരന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
ദിലീപിന് കുരുക്ക് മുറുകുന്നു
നടൻ ദിലീപ് പ്രതിയായ വധഗൂഡാലോചനാ കേസിലെ നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകളിലെ തെളിവുകൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചതിന്‍റെ മിറർ കോപ്പി ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം ദിലീപിന്‍റെ അഭിഭാഷകരെ ലാബുമായി ബന്ധപ്പെടുത്തിയ വിൻസെൻറ് ചൊവ്വല്ലൂർ അഴിമതി കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രതിയാണ്. സഹായം നൽകിയതായി വിൻസെന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിലെ തെളിവുകൾ നശിപ്പിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്‍റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. കോടതിക്ക് കൈമാറും മുമ്പ് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ മുംബെയിലെ ലാബിൽ വെച്ച് നശിപ്പിച്ചെന്ന ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ അഭിഭാഷകരും ചേർന്ന് തെളിവുകൾ നശിപ്പിച്ചതിന്‍റെ കൂടുതൽ വിവരങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്.
മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡിൽ നിന്നും ഫോണിലെ വിവരങ്ങൾ മറ്റൊരു ഹാർഡ് ഡിസ്കിലേക്ക് പകർത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകൾ നശിപ്പിക്കുകയായിരുന്നു. ഈ ഹാർഡ് ഡിസ്കിന്‍റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് ശേഖരിച്ചു. ലാബ് സ്വന്തം നിലയിൽ തയ്യാറാക്കിയ ഫോണുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ടും ശേഖരിച്ചു. കൊച്ചിയിൽ നിന്ന് കൊറിയർ വഴിയാണ് ലാബിലേക്ക് ഫോണുകൾ അയച്ചത്. ഇതിന്‍റെ രസീതും ലാബിൽ നിന്ന് കിട്ടി.
ദിലീപിന്‍റെ അഭിഭാഷകരെ മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയിൽ താമസിക്കുന്ന മലയാളി വിൻസെന്‍റ് ചൊവ്വല്ലൂരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. മുൻ ആദായ നികുതി അസിസ്റ്റന്‍റ് കമ്മീഷണറായ വിൻസെന്‍റ് സിബിഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്‍റെയും ദിലീപിന്‍റെയും അഭിഭാഷകൻ ഒരേ ആളാണെന്നും അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നൽകിയതെന്നും വിൻസെന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടി ആക്രമണത്തിനിരയാകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ കാണാൻ ദിലീപിന്‍റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിൻസെന്‍റ് പറഞ്ഞു. ദിലീപിന്‍റെ അഭിഭാഷകർക്കൊപ്പം ഫോണുകൾ വാങ്ങാൻ താനും മുംബെയിലെ ലാബിൽ പോയിരുന്നുവെന്നും വിൻസെന്‍റ് സമ്മതിച്ചു. തെളിവുകൾ നശിപ്പിച്ചെന്ന് വ്യക്തമായ സാഹചര്യത്തിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam