കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (actress attacked case)ദിലീപിന്(dileep) കുരുക്കായി ജയിലിലെ ഫോൺവിളി. മുഖ്യ പ്രതി പൾസർ സുനി (pulsar suni)എന്ന സുനിൽ കുമാർ, സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
ആലുവയിലെ ദിലീപിന്‍റെ വീട്ടിൽവെച്ചും ഹോട്ടലിൽ വെച്ചും ബാലചന്ദ്രകുമാറിനെ കണ്ടു. പിക് പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ടും കണ്ടിട്ടുണ്ടെന്ന് സുനിൽ പറയുന്നുണ്ട്. ദിലീപിനൊപ്പം മുഖ്യ പ്രതിയായ സുനിലിനെ നിരവധി വട്ടം കണ്ടിരുന്നെന്നായിരുന്നു ബാല ചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ.
ഇതിനിടെ ഫോൺവിളിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ ആണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് കവിഞ്ഞ ദിവസം റജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ക്രൈംബ്രാഞ്ചാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
അന്വേഷണ ഭാഗമായി പൾസർ സുനിയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ആണ് ചോദ്യം ചെയ്യൽ
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam