മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രദീപ് കുമാർ റിമാൻഡിൽ

By Web TeamFirst Published Nov 24, 2020, 11:28 PM IST
Highlights

ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. 

ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

click me!