
കൊല്ലം: കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ട്രെയിൻ അപകടമായ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 35 വയസ്സ്. 105 പേര്‍ മരിക്കുകയും ഇരുന്നൂറിലേറെപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം ഇന്നലെ പോലെ ഓര്‍ക്കുകയാണ് നാട്ടുകാര്‍. യഥാര്‍ത്ഥ അപകട കാരണം ഇന്നും അജ്ഞതമായി തുടരുന്ന പെരുമൺ അനാസ്ഥയുടെ ഓര്‍മ്മപ്പെടുത്തൽ കൂടിയാണ്.
1988 ജൂലൈ എട്ടിന് ഉച്ചനേരം. ബാംഗ്ലൂര്‍ കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന്‍റെ 14 ബോഗികൾ അഷ്ടമുടിക്കായലിൽ പതിച്ചപ്പോൾ ആദ്യമെത്തിയത് നാട്ടുകാരും മത്സ്യത്തൊഴിലാളികളുമായിരുന്നു. ആശയവിനിമയ-യാത്രാ സംവിധാനങ്ങളുടെ കുറവ് രക്ഷാപ്രവര്‍ത്തനത്തേയും ബാധിച്ചു. ചെറുവള്ളങ്ങളിൽ കരയ്ക്കെത്തിച്ചവരെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷകളിലും മീൻവണ്ടികളിലുമായിരുന്നു. അന്വേഷണമേറെയുണ്ടായിട്ടും ടൊര്‍ണാഡോ ചുഴലിക്കാറ്റിൽ കുറ്റം ചുമത്തി റെയിൽവേ തടിതപ്പി.
അഞ്ച് ദിവസത്തോളമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ദുരന്തം നടന്ന് 35 വര്‍ഷങ്ങള്‍ക്ക് ശേഷവും ദുരന്തത്തിന്റെ ഇരകളോടും രക്ഷാപ്രവര്‍ത്തകരോടും റെയില്‍വേ നീതി കാണിച്ചില്ലെന്ന പരാതി പെരുമണ്ണുകാര്‍ക്കുണ്ട്. ദുരന്തം നേരില്‍കണ്ട് ഓടിയെത്തിയവര്‍ അന്ന് കണ്ട ഭീതിജനകമായ കാഴ്ചകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ദുരന്തത്തിന്‍റെ മൂകസാക്ഷിയായി സ്തൂപം മാത്രമുണ്ട് അഷ്ടമുടി തീരത്ത്. മരിച്ചവരുടെ പേരുകളെഴുതിയ വെയ്റ്റിംഗ് ഷെഡ് പുതിയ പാലം നിര്‍മ്മാണത്തിനായി പൊളിച്ചുനീക്കി. അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ത്ഥനയും മാത്രമായി ഒതുങ്ങുന്നു പെരുമൺ ഓര്‍മ്മദിനം.