
തിരുവനന്തപുരം: മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. എന്നാൽ എപ്പോൾ തുറക്കണം എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മദ്യവിൽപന ശാലകൾ തുറക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനും ബാറുകൾ വഴി പാഴ്സലായി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
മദ്യവിൽപന ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാലിത് എപ്പോൾ വേണം എന്ന് നിശ്ചയിച്ചിട്ടില്ല. ഇതിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതേയുള്ളൂ. ബാറുകളിൽ മദ്യം വിൽക്കാനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കും. ബെവ്കോയും കൺസ്യൂമർ ഫെഡും വിൽക്കുന്ന അതേ വിലനിലവാരത്തിൽ തന്നെയാവും ബാറുകളിലും മദ്യം വിൽക്കുക.
ബാറുകളിലൂടെ മദ്യം വിൽക്കുന്നത് അടക്കമുള്ള സജ്ജീകരണങ്ങൾ താത്കാലികമാണെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തിക ബാധ്യത മറികടക്കാനാണ് മദ്യനികുതി സർക്കാർ വർധിപ്പിച്ചത്. ഇതു താത്കാലികമായ നടപടി മാത്രമാണ്. നേരത്തെ പ്രളയത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനും മദ്യവില വർധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് ശേഷം അതു പിൻവലിച്ചു. ഇതേ രീതിയിൽ നിലവിലെ പ്രതിസന്ധി അയയുന്ന മുറയ്ക്ക് മദ്യനികുതി കുറയ്ക്കുമെന്നും എക്സൈസ് മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam