
തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസ് അട്ടിമറിച്ചതിൽ തനിക്ക് എതിരായ കണ്ടെത്തലുകളിൽ എഡിജിപി എം ആർ അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിശദീകരണം നൽകുമെന്നാണ് എം ആർ അജിത് കുമാർ അറിയിച്ചത്. അജിത് കുമാറിന്റെ മറുപടി ലഭിച്ചാൽ സ്വന്തം ശുപാർശ കൂടി ഉൾപ്പെടുത്തി ഡിജിപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അജിത്കുമാറിന്‍റെ സ്ഥാന കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റിക്ക് മുൻപ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകുമോ എന്നതിലാണ് ആകാംക്ഷ.
ഏതാനും ദിവസം മുൻപാണ് എസ്ഐടിയുടെ തുടരന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചത്. എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ട് മടക്കി. തുടർന്ന് അജിത് കുമാറിന്‍റെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ചില രേഖകൾ തിരുത്താൻ അജിത് കുമാർ നിർദേശം നൽകിയതിന്‍റെ സ്ക്രീൻഷോട്ട് സഹിതം എസ്ഐടി വീണ്ടും റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് അജിത് കുമാറിന്‍റെ വിശദീകരണം ഡിജിപി തേടിയത്. താൻ യാത്രയിലാണ് തലസ്ഥാനത്തില്ല 21ന് മറുപടി നൽകാം എന്നാണ് അജിത് കുമാർ അറിയിച്ചത്. അതായത് ഇന്നാണ് മറുപടി നൽകാനുള്ള സമയ പരിധി.
അജിത്കുമാറിന്‍റെ സ്ഥാന കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റി 20ന് ചേരും എന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അത് ചേരാൻ വേണ്ടിയായിരുന്നോ മറുപടി വൈകിച്ചത് എന്ന സംശയം ഉയർന്നിട്ടുണ്ട്. എന്നാൽ ഇന്നലെ ആ യോഗം നടന്നിട്ടില്ല. അജിത് കുമാർ നേരത്തെ അറിയിച്ച പ്രകാരം ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. അതുപരിശോധിച്ച് ഡിജിപി വിശദീകരണം സ്വീകരിക്കുമോ അതോ തള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്. സർക്കാരിലേക്ക് നൽകുന്ന റിപ്പോർട്ടിൽ എന്തായിരിക്കും നടപടി എന്നാണ് ഇനി അറിയാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam