'എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്കായുള്ള പ്രത്യേക ദൗത്യവുമായി', ശിവശങ്കറിൻ്റെ ഗതി വരും: സുധാകരൻ

Published : Sep 07, 2024, 05:09 PM IST
'എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്കായുള്ള പ്രത്യേക ദൗത്യവുമായി', ശിവശങ്കറിൻ്റെ ഗതി വരും: സുധാകരൻ

Synopsis

എ ഡി ജി പി അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ഏജന്‍റാണ്, ആ‌‍ർഎസ്എസ് നേതാവിനെ കാണാൻ പോയത്...

തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പി എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ഏജന്റാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. അജിത്കുമാറിനെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഗതിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. എല്‍ ഡി എഫ് സര്‍ക്കാര്‍ ആര്‍ എസ് എസിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും സി പി എം കേരള ഘടകത്തിന്റെയും പരസ്യമായ ആര്‍ എസ് എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സി പി എം നേതൃത്വം കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എ ഡി ജി പിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുധാകരന്‍റെ വാക്കുകൾ

ആര്‍ എസ് എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി എം.ആര്‍ അജിത്കുമാര്‍ സമ്മതിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഈ കൂടിക്കാഴ്ച നടന്ന തൊട്ടടുത്ത ദിവസം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും നാളിതുവരെ എ ഡി ജി പി എം.ആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എ ഡി ജി പിക്കെതിരെ നടപടിയെടുക്കാതിരുന്നത്. തലസ്ഥാനത്ത് വെച്ച് ആര്‍ എസ് എസ് നേതാവ് റാം മാധവിനേയും എ ഡി ജി പി കണ്ടിരുന്നു. മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിര്‍ജ്ജീവമാക്കാനുള്ള ഡീല്‍ ആര്‍ എസ് എസ് നേതൃത്വവുമായി നടത്തുകയായിരുന്നു എ ഡി ജി പിയുടെ രാഷ്ട്രീയ ദൗത്യം. അതിനാലാണ് എ ഡി ജി പിക്ക് ക്രമസമാധാന ചുമതലയും ആഭ്യന്തരവകുപ്പില്‍ സര്‍വ്വസ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അമിത അധികാരവും മുഖ്യമന്ത്രി നല്‍കിയത്.

ഈ നടപടി കേരളത്തിന്റെ ക്രമസമാധാന പരിപാലനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത് തിരിച്ചറിഞ്ഞാണ് സി പി ഐ ദേശീയ സെക്രട്ടറി ആനി രാജ കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചത്. ഇത് സ്ഥിരീകരിക്കുന്നതാണ് എ ഡി ജി പിയും ആര്‍ എസ് എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച. ക്രമസമാധാന ചുമതല വഹിക്കുന്ന എ ഡി ജി പി  ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍ എസ് എസ് പോഷകസംഘടനാ നേതാക്കളോടൊപ്പം അവരുടെ വാഹനത്തില്‍ ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയെ കാണാന്‍ പോയിയെന്നത് ഈ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. എ ഡി ജി പിയുടെ സന്ദര്‍ശനത്തെ കുറിച്ച് സി പി എം സെക്രട്ടറി എം വി ഗോവിന്ദനും അറിവുള്ളത് കൊണ്ടാണ് അദ്ദേഹം ഇതിനെ ന്യായീകരിക്കുന്നത്. എ ഡി ജി പിയുടെ രഹസ്യ ചര്‍ച്ചയ്ക്ക്  മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും അറിവും ആശിര്‍വാദവുമുണ്ട്. പൂരം കലക്കാനുള്ള തിരക്കഥ സി പി എമ്മും ബി ജെ പിയും ചേര്‍ന്നാണ് ആസൂത്രണം ചെയ്തത്. പൊലീസ് അത് ഭംഗിയായി നടപ്പാക്കി. സംഘപരിവാര്‍ രഹസ്യബന്ധത്തിലൂടെ ന്യൂനപക്ഷങ്ങളെ സി പി എമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന്  വഞ്ചിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.

തിരുവോണ ദിവസം പരീക്ഷ! മാറ്റിവയ്ക്കണമെന്ന് കെസി, 'ഒരുപാട് പേരുടെ അവസരം നഷ്ടമാകും', കേന്ദ്രത്തിന് കത്ത് നൽകി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി
പ്രധാനമന്ത്രിക്ക് നൽകാൻ അപൂർവ്വ സമ്മാനം; തേക്കിൽ കൊത്തിയെടുത്തത് മഹിഷി നിഗ്രഹനായ അയ്യപ്പനെ