
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ. ഡിജിപി സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്രത്തിന് ഉടൻ കൈമാറും. നേരത്തെ അഞ്ചു തവണ നൽകിയ ശുപാർശകൾ ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തള്ളിയിരുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് മെഡലിന് വേണ്ടിയായിരുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.
സ്തുത്യർഹ സേവന മെഡലിന് ശേഷമാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് ലഭിക്കുന്നതാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്ക്കാരം. എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത് കുമാറിന്‍റെ പേര് കേന്ദ്രത്തിലെത്തുന്നുണ്ട്. അഞ്ചു തവണ കേന്ദ്രം മെഡൽ നിരസിച്ചു. സംസ്ഥാനം ശുപാർശ ചെയ്താലും ഐബി റിപ്പോർട്ട് എതിരായി വരുന്നതിനാലാണ് തള്ളിപ്പോയത്.
മുമ്പ് മൂന്ന് തവണ മാത്രമായിരുന്നു ശുപാർശ സമർപ്പിക്കാൻ അവസരം. ആ നിബന്ധന കേന്ദ്രം എടുത്തു കളഞ്ഞതിനാൽ ആറാം തവണയാണ് എം.ആർ.അജിത് കുമാറിന്‍റെ പേര് കേന്ദ്രത്തിലേക്ക് പോകുന്നത്. ജൂനിയറായ എഡിജിപിമാർക്ക് വിശിഷ്ട സേവനം ലഭിച്ചപ്പോഴും അജിത് കുമാറിനെ കേന്ദ്ര തഴഞ്ഞതിൽ അദ്ദേഹത്തിന് അമർഷമുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ഡിജിപിയായിരുന്ന അനിൽകാന്തിന്‍റെ റിപ്പോർട്ട് എം.ആർ. അജിത്കുമാറിനെതിരായതാണ് അവസാന നിമിഷം മെഡൽ നഷ്ടമാകാൻ കാരണം.
വിജിലൻസിലിരുന്നപ്പോള്‍ സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിച്ചുവെന്ന ആരോപണം നേരിടുന്ന കാര്യം ഡിജിപി കേന്ദ്രത്തെ അറിയിച്ചതാണ് മെഡൽ നഷ്ടമാകാൻ കാരണം. അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് കേന്ദ്രത്തിന്‍റെ എതിർപ്പ് കുറക്കാനാണെന്ന ആക്ഷേപം ശക്തമായിരുന്നു. കൂടിക്കാഴ്ചക്കുശേഷം നൽകുന്ന ശുപാർശയാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുണ്ട് . ഇനി ചീഫ് സെക്രട്ടറി തല സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ കേന്ദ്രത്തിന് നൽകും. ആഗസ്റ്റിൽ പ്രഖ്യാപനം നടത്തി ജനുവരി 26ന് മെഡൽ നൽകുകയാണ് പതിവ്.
പത്തനംതിട്ടയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം; ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam