രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം, പൊലീസിന് വീഴ്ച്ചയെന്ന് എഡിജിപി റിപ്പോര്‍ട്ട്

By Web TeamFirst Published Jul 4, 2022, 8:46 AM IST
Highlights

സസ്പെന്‍ഷനിലായ കൽപ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ സമര്‍പ്പിച്ചു.

തിരുവനന്തപുരം: വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്‍ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. സംഭവ ദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ചുണ്ടാകുമെന്ന് ഇന്‍റലിജന്‍സ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ 200 ലധികം പ്രവർത്തകരെത്തിയപ്പോൾ തടയാനുണ്ടായിരുന്നത് കൽപ്പറ്റ ഡിവൈഎസ്പിയും 25 പൊലിസുകാരും മാത്രമായിരുന്നു. എസ്എച്ച്ഒ അവധിയിലുമായിരുന്നെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ബാരിക്കേഡ് വച്ച് എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടിയുണ്ടായില്ല. പ്രവർത്തകർ ഓഫീസുള്ളിൽ കയറിയിട്ടും പൊലീസ് നടപടിയുണ്ടായത് ഏറെ വൈകിയാണെന്നും എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്. സസ്പെന്‍ഷനിലായ കൽപ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാർശ സമര്‍പ്പിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് ആക്രമണം: എസ് എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ് എഫ് ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. താത്കാലിക നടത്തിപ്പായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയതലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സി പി എം നേതൃത്വം എസ് എഫ് ഐയോട് ആവശ്യപ്പെട്ടിരുന്നു. 

click me!