
ഇടുക്കി: ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ പുഷ്പയാണ് മരിച്ചത്. പുലർച്ചെ നാലുമണിക്ക് ലയത്തിന് പുറത്തെ അടുക്കളയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ മണ്ണിനും ലയത്തിന്‍റെ ഭിത്തിക്കുമിടയിലാണ് പുഷ്പ അകപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുകാരും സമീപത്തെ ലയങ്ങളിൽ ഉള്ളവരും ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്സുമെത്തി.
പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണ്ണുമാറ്റി മൃതദേഹം പുറത്തെടുത്തു. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. മണ്ണിടിഞ്ഞതോടെ കോഴിക്കാനം കിഴക്കേപ്പുതുവൽ റോഡും അപകടാവസ്ഥയിലായി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മഴയെ തുടര്‍ന്ന് അടിമാലി മൂന്നാര്‍ റോഡില്‍ കല്ലാര്‍ പാലത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‍സും ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. അടിമാലി ദേവിയാര്‍ പുഴയില്‍ കാണാതായ ഒഴുവത്തടം കളത്തിപ്പറമ്പിൽ അഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി
അട്ടപ്പാടിയിൽ നന്ദകിഷോറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അനന്തു (19) വിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ അടിച്ചു കൊന്നത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു.
എന്നാൽ പറഞ്ഞ സമയത്തിനകം തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഇതുമൂലം വിനായകൻ്റെ ശരീരം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു.