
തിരുവനന്തപുരം: എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദം അടക്കം ഗുരുതര ആക്ഷേപങ്ങൾ നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മാധ്യമങ്ങളെ കാണും. പതിനൊന്ന് മണിക്ക് വാര്‍ത്താസമ്മേളനം എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് അടക്കമുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്.
തൃശ്ശൂര്‍ പൂരം കലക്കിയതിൽ അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്നതിലും സിപിഐ നേതൃത്വം പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ഭരണകക്ഷി എംഎൽഎ നൽകിയ പരാതിയിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ വിഷയങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.
ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. പിവി അൻവർ വിവാദം ഉണ്ടായ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ കോവളം പ്രസംഗത്തിൽ നടന്ന ആരോപണങ്ങൾ പ്രതിരോധിച്ചിരുന്നു. അതേസമയം, എംആര്‍ അജിത്ത് കുമാറിനും മുൻ പത്തനംതിട്ട എസ്‍പി സുജിത്തിനുമെതിരെ വിജിലിന്‍സ് അന്വേഷണവും നടക്കും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ - ഒന്ന് ആയിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. വിജിലന്‍സ് എസ്‍പി ജോണ്‍കുട്ടിയായിരിക്കും അന്വേഷണം നടത്തുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam