Asianet News MalayalamAsianet News Malayalam

ചട്ടങ്ങൾ തടസമായില്ല, ആന്ധ്രക്ക് വാരിക്കോരി നൽകി; കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് കേന്ദ്രം

നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിർദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചു എന്നാണ് വിമർശനം.

Center delayed in announcing aid to Kerala in Wayanad landslide disaster due to fault in memorandum while Andhra gets 3000 crore
Author
First Published Sep 20, 2024, 7:07 PM IST | Last Updated Sep 20, 2024, 7:06 PM IST

ദില്ലി: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുന്നത് വൈകിച്ച് കേന്ദ്രം. കേരളം നല്കിയ നിവേദനം ചട്ടപ്രകാരമല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സഹായം വൈകിക്കുന്നത്. ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കം നേരിടാന മൂവായിരം കോടിയിലധികം രണ്ടു ദിവസം മുമ്പ് കൃഷി മന്ത്രി സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിനുള്ള സഹായം നീട്ടിക്കൊണ്ടു പോകുന്നത്.

കഴിഞ്ഞ മാസം പത്തിനാണ് വയനാട് മുണ്ടക്കൈയിലെ ദുരന്ത മേഖലയിൽ പ്രധാനമന്ത്രി എത്തിയത്. എല്ലാ സഹായവും കേരളത്തിന് നൽകും എന്ന് പ്രഖ്യാപിച്ചിട്ട് 40 ദിവസമായി. കഴിഞ്ഞ മാസം 27നാണ് മുഖ്യമന്ത്രി ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. 25 ദിവസം പിന്നിട്ടിട്ടും ആദ്യ ഗഡു സഹായം പോലും കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ചിട്ടില്ല. ആകെ 3000 കോടി രൂപയുടെ പാക്കേജാണ് ദുരന്തത്തിന് ഇരയായവരെ സഹായിക്കാനും പുനർനിർമ്മാണത്തിനും കേരളം ചോദിച്ചത്. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്ര സംഘത്തിനാണ് കേരളം നൽകിയ നിവേദനം ആഭ്യന്തര മന്ത്രാലയം കൈമാറിയത്. 

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ ഈ വർഷത്തെ വകയിരുത്തൽ 388 കോടിയാണ്. ഇതിൽ 145 കോടി ഇതിനകം കേരളത്തിനു നൽകി. അതായത് ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം തുക അനുവദിച്ചാലേ കേരളത്തിന് ആവശ്യമുള്ളത് കിട്ടു. എന്നാൽ, സംസ്ഥാനം നല്കിയ നിവേദനം ചട്ടപ്രകാരമല്ലെന്നാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. നിവേദനം എങ്ങനെ തയ്യാറാക്കണം എന്ന് നിർദ്ദേശിച്ചിട്ടും ഇത് തെറ്റിച്ചു എന്നാണ് വിമർശനം. വീടിന് കേടു പറ്റിയാൽ കേന്ദ്ര സഹായമായി രണ്ട് ലക്ഷത്തിൽ താഴെ രൂപയാണ് സാധാരണ നല്കാറുള്ളത്. എന്നാൽ, പത്തു ലക്ഷം ആണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രത്തിന്‍റെ വാദം എങ്ങനെ അംഗീകരിക്കും എന്നാണ് കേരളത്തിന്‍റെ ചോദ്യം.

നമ്മുടെ കണക്കനുസരിച്ചുള്ള കണക്കാണ് നമ്മള്‍ നല്‍കിയതെന്നും എല്ലാം പരിശോധിച്ച് കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു. സാങ്കേതിക വിഷയങ്ങളിൽ ചർച്ച തുടരുന്നത് കൊണ്ടാണ് സഹായം വൈകുന്നതെന്ന് കേന്ദ്രം സൂചിപ്പിക്കുന്നു. എന്നാൽ, ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും കൂടി സഹായം നൽകുന്നതിന് കേന്ദ്രത്തിന് ഇതൊന്നും തടസമായില്ല. പ്രളയത്തിന് സംസ്ഥാനത്തിന് അടിയന്തര സഹായമായി 3448 കോടി കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരിട്ടെത്തി പ്രഖ്യാപിച്ചു. സർക്കാരിനെ താങ്ങി നിർത്തുന്ന ആന്ധ്രയുടെ കാര്യത്തിൽ കേന്ദ്രം കാട്ടിയ ഈ വേഗത എന്തായാലും വയനാട് പാക്കേജിൽ ദൃശ്യമല്ല.

'കടയിൽ കയറി സ്ത്രീകളെയും കുട്ടിയെയും മര്‍ദിച്ചു'; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി

 

Latest Videos
Follow Us:
Download App:
  • android
  • ios