
തിരുവനന്തപുരം: അടിമാലി മണ്ണെടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഓണത്തിന് മുൻപായി എല്ലാവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. 18 കുടുംബങ്ങളാണ് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്. സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. അതേസമയം സമരം തുടുമെന്ന നിലപാടിലാണ് പ്രദേശവാസികൾ. റവന്യൂ മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്നും എന്നാൽ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈകളിൽ കിട്ടുന്നത് വരെ സമരം തുടരുമെന്നുമാണ് ദുരന്തബാധിതർ വ്യക്തമാക്കിയത്. ഇന്ന് മന്ത്രിയെ നേരിൽ കണ്ട് ഇരകൾ തങ്ങളുടെ നിവേദനവും ആവശ്യങ്ങളും ബോധിപ്പിച്ചിരുന്നു. പണം തുകയായി ലഭിച്ച ശേഷം മാത്രമേ പൂർണ്ണമായ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ദുരന്തബാധിതരായ കുടുംബങ്ങൾ.
സംസ്ഥാനത്തെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളുണ്ടാകുമെന്നും ഇതിനായി പഴയ നിയമങ്ങൾ പരിഷ്കരിച്ച് രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇടുക്കിയിലെ ഭൂമി വിഷയങ്ങളിൽ പലതും കോടതി കേസുകൾ കാരണം സ്തംഭനാവസ്ഥയിലാണ്. ഇത് പരിഹരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കയ്യേറ്റക്കാരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി തരംമാറ്റത്തിനായി നിലവിലുള്ള 2.5 ലക്ഷം അപേക്ഷകളിൽ 25,000 എണ്ണം സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ തീർപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam