മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാള്‍ പഠിപ്പിക്കാന്‍ വരണ്ടെന്ന് പറയാത്തതെന്ത്; വി അബ്ദുറഹ്മാനെതിരെ സി കെ ജാനു

By Elsa Tresa JoseFirst Published Nov 7, 2020, 8:02 PM IST
Highlights

'ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കേണ്ട. ഞങ്ങൾ തിരൂര് ജനിച്ച് വളർന്ന ആൾക്കാരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക, ഞങ്ങളെ പഠിപ്പിക്കാൻ നിൽക്കണ്ട.' എന്നായിരുന്നു കഴിഞ്ഞ ദിവസം താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ പറഞ്ഞത്

ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകര്‍. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ഒരു സമൂഹത്തിനെതിരായ പരാമര്‍ശമെന്നാണ് വിമര്‍ശനം. മുസ്ലിം ലീഗ് എംഎല്‍എയായ സി മമ്മൂട്ടിയുടെ വികസനം സംബന്ധിച്ച വിമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് ആദിവാസി സമൂഹത്തെ രൂക്ഷമായി അപഹസിക്കുന്ന രീതിയിലുള്ള പ്രസ്താവന വി അബ്ദുറഹ്മാന്‍ നടത്തിയത്. 

തന്‍റെ നിയോജക മണ്ഡലമായ തിരൂരിനെ സംസ്ഥാന സര്‍ക്കാര്‍ വികസന വിഷയത്തില്‍ അവഗണിക്കുന്നുവെന്ന തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയുടെ വിമര്‍ശനത്തിനായിരുന്നു വിവാദ മറുപടി. 'ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കേണ്ട. ഞങ്ങൾ തിരൂര് ജനിച്ച് വളർന്ന ആൾക്കാരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക, ഞങ്ങളെ പഠിപ്പിക്കാൻ നിൽക്കണ്ട.' എന്നായിരുന്നു കഴിഞ്ഞ ദിവസം താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഇടത് സ്വതന്ത്ര എംഎല്‍എയുടെ വിവാദ പരാമര്‍ശം. 

 

തരം താണ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം: സി കെ ജാനു


എംഎല്‍എ പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ഇത്ര പുച്ഛത്തില്‍ ആദിവാസികളേക്കുറിച്ച് പറയാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെയാണ് സാധിക്കുക. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വിമര്‍ശിച്ചതിന് ഗോത്ര വിഭാഗത്തിലുള്ള ആളുകള്‍ എന്താണ് പിഴച്ചത്. സാമൂഹ്യ അറിവില്ലാത്ത ഒരാളല്ല എംഎല്‍എ. തരംതാണതും ബാലിശവുമാണ് ഈ പ്രസ്താവന. ജനങ്ങളേക്കുറിച്ച് തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് ജനസേവകനെന്ന കസേരയില്‍ ഇരിക്കാന്‍ അര്‍ഹനല്ല. രാജിവച്ച് പുറത്ത് പോകണമെന്നും സി കെ ജാനു പറഞ്ഞു. ഒരു തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് ആര് പറയുന്നത് എന്നതിന് സ്ഥാനമില്ല. ആദിവാസിക്ക് തെറ്റ് ചൂണ്ടിക്കാണിക്കാന്‍ അര്‍ഹതയില്ലേ? ആദിവാസികളേക്കുറിച്ചുള്ള പൊതു സാമൂഹ്യ ബോധമാണ് ഈ വിഷയത്തില്‍ ആരും പ്രതികരിക്കാതിരിക്കാന്‍ കാരണം. ഈ പരാമര്‍ശം മറ്റ് വിഭാഗങ്ങള്‍ക്കെതിരേയാണെങ്കില്‍ ഈ സമയത്തിനുള്ളില്‍ ഉണ്ടാവുക ശക്തമായ പ്രതിഷേധ സ്വരമാണ്. എന്നാല്‍ ആദിവാസിക്കെതിരെയായതുകൊണ്ട് ആര്‍ക്കും പ്രശ്നമില്ല. എന്തുകൊണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളയാള്‍ പഠിപ്പിക്കാന്‍  വരണ്ട എന്ന് പറയാത്തതെന്നും സി കെ ജാനു ചോദിക്കുന്നു. ആദിവാസികള്‍ ഇത്തരം തരംതാണ സമീപനമോ പ്രസ്താവനയോ നടത്താറോ, മറ്റ് വിഭാഗങ്ങളെ പരിഹസിക്കാനോ ശ്രമിക്കാറില്ലെന്നും സി കെ ജാനു പറഞ്ഞു. പരസ്യമായി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറായില്ലെങ്കില്‍ എംഎല്‍എയ്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സികെ ജാനു പറയുന്നു. സ്വന്തം സമുദായത്തിലെ ആള്‍ നടത്തിയ വിമര്‍ശനത്തിന് അയാളുടെ ജാതിപ്പേര് പറയാന്‍ നട്ടെല്ലില്ലാത്തയാളെ ആളെ ആരാണ് എംഎല്‍എയാക്കിയതെന്നും സി കെ ജാനു കൂട്ടിച്ചേര്‍ക്കുന്നു.

 


 

നാളെ ഇത് ആവര്‍ത്തിക്കരുത്, നിയമനടപടി സ്വീകരിക്കും: മംഗ്ളു ശ്രീധര്‍


എംഎല്‍എയ്ക്കെതിരെ പരാതി നല്‍കുമെന്നാണ് ആദിവാസി ആക്ടിവിസ്റ്റ് ആയ മംഗ്ളു ശ്രീധര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണ് വി അബ്ദുറഹ്മാന്‍ നടത്തിയതെന്നും മംഗ്ളു പറയുന്നു. പലതരത്തില്‍ ആദിവാസി സമൂഹം വിവേചനം നേരിടുന്നുണ്ട്. ഇതെല്ലാം മറികടന്ന് മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന ആദിവാസി സമൂഹത്തിലുള്ളവരെ പരിഹസിക്കുന്നതാണ് എംഎല്‍എയുടെ വാക്കുകള്‍. മറ്റുള്ളവരെ പഠിപ്പിക്കാന്‍ ആദിവാസികള്‍ക്ക് അര്‍ഹതയില്ല എന്ന ധ്വനിയുള്ളതാണ് പരാമര്‍ശമെന്നും മംഗ്ളു പറയുന്നു. മാപ്പുപറഞ്ഞ് എംഎല്‍എയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും മംഗ്ളു പറഞ്ഞു. ആദിവാസികളേക്കുറിച്ച് പറയുമ്പോള്‍ ആരും ഒന്നും ചോദ്യം ചെയ്യില്ലെന്ന ധാരണയിലാണ് എംഎല്‍എയുടെ വാക്കുകള്‍. ആദിവാസി സമൂഹത്തെ ഒരിക്കല്‍ പേടിപ്പിച്ച്  ഭരിച്ചിരുന്നു. നിലവിലെ സാഹചര്യം അതല്ലെന്നും മംഗ്ളു കൂട്ടിച്ചേര്‍ക്കുന്നു. ഇത്ര പരസ്യമായി വംശീയ അധിഷേപമുണ്ടായിട്ടും കേരളത്തില്‍ അധികമാരും പ്രതികരിക്കാതിരുന്നത് നിരാശപ്പെടുത്തുന്നുണ്ടെന്നും മംഗ്ളു പറഞ്ഞു. നാളെ ഇത് ആവര്‍ത്തിക്കരുത്. 

 

ഒരു വിഭാഗത്തിന്‍റെ ശബ്ദം തന്നെ അടിച്ചമര്‍ത്തുന്ന അധിഷേപം: ലീല 


ആദിവാസിക്ക് ശബ്ദിക്കാനുള്ള അവകാശമില്ലെന്നാണ് എംഎല്‍എയുടെ വാക്കുകളുടെ ധ്വനിയെന്നാണ് ആദിവാസി ആക്ടിവിസ്റ്റും സംവിധായികയുമായ ലീല ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പറയുന്നു. ഈ സമൂഹത്തിന്‍റെ ഭാഗമാണ് ആദിവാസി വിഭാഗവും. അത്തരമൊരു വിഭാഗത്തെ അടിച്ചമര്‍ത്തിക്കൊണ്ടുള്ളതാണ് പരിഹാസം. പണ്ടുകാലങ്ങളില്‍ നിന്ന് വിഭിന്നമായി നിരവധിപ്പേരാണ് ആദിവാസി സമൂഹത്തില്‍ നിന്ന് വിദ്യാഭ്യാസം നേടി സമൂഹവുമായി മുഖ്യധാരയില്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല ഈ അധിഷേപം എന്നും കരിന്തണ്ടന്‍ എന്ന ചിത്രത്തിന്‍റെ സംവിധായിക കൂടിയായ ലീല പറയുന്നു. പിന്തുണച്ചില്ലെങ്കിലും വെറുതെ വിടാനുള്ള സന്മനസ് കാണിക്കാനെങ്കിലും എംഎല്‍എ തയ്യാറാകണം. ഇത്തരം പരാമര്‍ശം കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. മാനസികമായി തളര്‍ത്തുന്നതാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്നും ലീല പറയുന്നു. 

click me!