
കണ്ണൂർ: വെള്ളമില്ലാത്തതിനാൽ ഇത്തവണ വേനലെത്തും മുൻപേ തന്നെ പുഴയരികിൽ താമസം തുടങ്ങേണ്ടി വന്ന ഗതികേടിലാണ് കണ്ണൂർ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾ. വെള്ളം കിട്ടുമെന്നത് കൊണ്ട് മാത്രമാണ് പ്രായമായവരും കുട്ടികളുമടക്കം കുടിൽപോലും കെട്ടാതെ പുഴയരികിൽ താമസിക്കുന്നത്. മലയോര മേഖലയിൽ പ്രളയത്തിൽ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.
ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയിൽ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികൾ പറയുന്നു. ഒരു മാസത്തോളമായി ഇവർ ഇങ്ങനെ താമസിക്കാൻ തുടങ്ങിയിട്ട്. കുട്ടികൾ സ്കൂളിൽ പോകുന്നതും, പുരുഷൻമാർ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാൾ സൗകര്യപ്രദമെന്ന് ഇവർ പറയുന്നു.
വേനൽ കടുത്താൽ കൂടുതൽ പേർ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയിൽ നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനൽക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്.
കിണറുകൾ കുറവായ, മലഞ്ചെരിവിൽ നിന്ന് പൈപ്പിട്ട് വെള്ളമെത്തിക്കുന്ന ഉയർന്ന മലയോര പ്രദേശങ്ങളിലും ഇതേ ആശങ്ക നിലനിൽക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam