നിയമസഭയിൽ ആദ്യദിനം വൻ ബഹളവും വാക്ക്പോരും; 'മലപ്പുറം' പരാമർശത്തിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച 

Published : Oct 07, 2024, 10:33 AM ISTUpdated : Oct 07, 2024, 10:38 AM IST
നിയമസഭയിൽ ആദ്യദിനം വൻ ബഹളവും വാക്ക്പോരും; 'മലപ്പുറം' പരാമർശത്തിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച 

Synopsis

തന്റെ പരാമർശത്തിന് മേൽ ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രിയും സഭയിൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ 'മലപ്പുറം' പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമർശവും കള്ളക്കടത്ത് പണം ദേശ വിരുദ്ധ പ്രവണതകൾക്ക് ഉപയോഗിക്കുന്നെന്ന പരാമർശവും സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സണ്ണി ജോസഫ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. തന്റെ പരാമർശത്തിന് മേൽ ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രിയും സഭയിൽ ആവശ്യപ്പെട്ടു. ഇതോടെ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നൽകുകയായിരുന്നു.  

സഭയിൽ നാടകീയ രംഗങ്ങൾ

നിയമസഭ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷഅംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ ''ആരാണ് പ്രതിപക്ഷ നേതാവ്?'' എന്ന് സ്പീക്കർ ചോദിച്ചത് വലിയ വിവാദമായി.സ്പീക്കറുടെ ചോദ്യത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചെങ്കിലും ആ പരാമർശങ്ങൾ സഭ രേഖകളിൽ നിന്ന് നീക്കി.

പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ ഈ ചോദ്യങ്ങൾ അംഗങ്ങൾ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കർ പറ‌ഞ്ഞു.

എന്നാൽ പ്രതിപക്ഷം പിന്മാറാൻ തയ്യാറായില്ല. സ്പീക്കർക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.

 

 

 

 

 

PREV
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും