എഡിഎമ്മിനെതിരായ പരാതിയിൽ അടിമുടി ദുരൂഹത; പ്രശാന്ത് പരാതി നൽകിയത് എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിക്ക്

Published : Mar 09, 2025, 07:41 AM ISTUpdated : Mar 09, 2025, 10:19 AM IST
എഡിഎമ്മിനെതിരായ പരാതിയിൽ അടിമുടി ദുരൂഹത; പ്രശാന്ത് പരാതി നൽകിയത് എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിക്ക്

Synopsis

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹത. എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറിയ്ക്കാണ് പരാതി കൈമാറിയതെന്നും കൈക്കൂലി നൽകിയതിന് തെളിവില്ലെന്നുമാണ് ടിവി പ്രശാന്തിന്‍റെ മൊഴി.

തിരുവനന്തപുരം: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തിന്‍റെ പേരിൽ പരാതി തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും അടിമുടി ദുരൂഹത. എകെജി സെന്‍ററിലെ ഓഫീസ് സെക്രട്ടറിയും ബന്ധുവുമായ ബിജു കണ്ടക്കൈക്ക് പരാതി വാട്സ് ആപ്പ് വഴി കൈമാറിയെന്നാണ് നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർക്ക് പ്രശാന്ത് നൽകിയ മൊഴി. വിജിലൻസിനോ മുഖ്യമന്ത്രിയുടെ ഓഫീസിലോ ഒരു പരാതിയും പ്രശാന്ത് നൽകിയിട്ടില്ല. ഇല്ലാത്ത പരാതിയുടെ പേരിലായിരുന്നു നവീൻ ബാബുവിനെതിരായ പ്രചാരണങ്ങൾ. 

പെട്രോൾ പമ്പിന്‍റെ അനുമതിക്കായി നവീൻ ബാബുവിന് 98500 രൂപ നൽകിയെന്ന് ടിവി പ്രശാന്ത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ ആരോപിക്കുന്നുണ്ട്. പക്ഷേ, പണം നൽകിയതിന് തെളിവില്ലെന്നാണ് മൊഴി. അനുമതി കിട്ടാൻ പണം നൽകിയെന്ന് പിപി ദിവ്യയോടും ബന്ധുവായ ബിജു കണ്ടക്കൈയോടും പറഞ്ഞു. ദിവ്യ പരാതി നൽകാൻ ആവശ്യപ്പെട്ടു. 2024 ഒക്ടോബര്‍ പത്തിന് പരാതി എഴുതിയെങ്കിലും അയച്ചില്ല. അന്ന് തന്നെ ബിജുവിനെ വിളിച്ചപ്പോഴും പരാതി നൽകാനാവശ്യപ്പെട്ടു.

പിറ്റേന്ന് പരാതി ബിജുവിന് വാട്സ് ആപ്പ് ചെയ്തു. പക്ഷെ ചില തിരുത്തലുകൾ ബിജു ആവശ്യപ്പെട്ടു. 12ന് തിരുത്തിയ പരാതിയും ബിജുവിന് വാട്സ്ആപ്പിൽ അയച്ചു. 14ന് വിജിലൻസിൽ നിന്ന് വിളിച്ചെന്നാണ് പ്രശാന്തിന്‍റെ മൊഴി. അപ്പോഴും പണം നൽകിയതിന് തെളിവില്ലെന്നാണ് പ്രശാന്ത് പറഞ്ഞത്. ഇതോടെ വാട്സ് ആപ്പിൽ നൽകിയ പരാതിയല്ലാതെ വിജിലൻസിനോ മുഖ്യമന്ത്രിക്കോ പ്രശാന്ത് പരാതി നൽകിയിട്ടില്ലെന്ന് മൊഴിയിൽ നിന്ന് വ്യക്തമാവുകയാണ്.

പത്തിന് തന്നെ പ്രശാന്ത് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു ഇടത് കേന്ദ്രങ്ങളുടെ പ്രചാരണം. പരാതി കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രചരിച്ച പരാതിയിലെ പ്രശാന്തിന്‍റെ പേരും ഒപ്പും വ്യാജമാണെന്നും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിജിലൻസും പരാതിയില്ലെന്ന് വ്യക്തമാക്കി. വിവാദ യാത്രയയപ്പിനുശേഷം പിപി ദിവ്യ കണ്ണൂർ കളക്ടറെ വിളിച്ച് നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതി കിട്ടിയെന്ന് പറഞ്ഞിരുന്നു. അതായത് ആർക്കും കിട്ടാത്ത ഒരു പരാതിയാണ് പിപി ദിവ്യ അടക്കം നവീൻ ബാബുവിനെതിരെ ആയുധമാക്കിയത്. പരാതി തയ്യാറാക്കിയതും പ്രചരിപ്പിച്ചതുമെല്ലാം ആസൂത്രിതമാണെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. മരിച്ചിട്ടും ഈ പരാതി ഉയർത്തിയായിരുന്നു എഡിഎമ്മിനെ വേട്ടയാടിയത്.

'നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ല, ദിവ്യ നടത്തിയത് വൻആസൂത്രണം'; ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി, കൂടുതൽ അറസ്റ്റിന് സാധ്യത
സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി, തിരുനാവായ മഹാമാഘ മഹോത്സവത്തിനുള്ള താൽക്കാലിക പാലം നിർമ്മാണത്തിനുള്ള സ്റ്റോപ്പ് മെമ്മോയിൽ നിലപാടെന്ത്?