
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ അന്വേഷണ സംഘം ടിവി പ്രശാന്തിന്‍റെ മൊഴിയെടുത്തു. നവീൻ ബാബുവിനെതിരെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്‍റേത് തന്നെയെന്ന് പ്രശാന്ത് സ്ഥിരീകരിച്ചു. പരാതിയിലെ ഒപ്പും ലീസ് എഗ്രിമെന്റിലെ ഒപ്പും തന്‍റേത് തന്നെയാണ്. തനിക്ക് രണ്ട് ഒപ്പുണ്ടെന്നും പ്രശാന്ത് കണ്ണൂരിൽ പറഞ്ഞു.
എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജമാണെന്നും പരാതിയില്‍ ദുരൂഹത ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പെട്രോള്‍ പമ്പിനായുള്ള എൻഒസി ഫയലിലെ പ്രശാന്തന്‍റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്നായിരുന്നു ആക്ഷേപം. എൻഒസി അപേക്ഷയുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എൻഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാൽ, എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എൻഒസി ഫയലിൽ ടിവി പ്രശാന്ത് എന്നാണ് പേര് നൽകിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയിൽ പ്രശാന്തൻ ടിവി എന്നുമാണ് നൽകിയിരിക്കുന്നത്.
നേരത്തെ പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്‍റെ ഒപ്പ് വ്യത്യസ്തമാണെന്ന വാര്‍ത്തയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വ്യാജ പരാതിയാണെന്നതിന് കൂടുതൽ തെളിവായി എൻഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന വിവരം കൂടി പുറത്തുവരുന്നത്.
നേരത്തെ പുറത്തുവിട്ട പാട്ടക്കരാറിലെ ഒപ്പും ഇപ്പോള്‍ പുറത്തുവന്ന എൻഒസിയിലെ ഒപ്പും ഒരു പോലെയാണ്. ഈ രണ്ടു രേഖകളും പ്രശാന്ത് തന്നെ നേരിട്ട് ഒപ്പിട്ട് കൈപ്പറ്റിയതാണെന്നാണ് ഇതോടെ വ്യക്തമാകുന്നത്. അതേസമയം, ഈ രണ്ട് ഒപ്പുകളുമായി യാതൊരു ബന്ധുമില്ലാത്ത ഒപ്പാണ് എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്. മറ്റാരെങ്കിലും പരാതി ഉണ്ടാക്കിയെന്ന സംശയമാണ് ഇതോടെ ബലപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam