നവീന്‍ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും

Published : Dec 05, 2024, 02:06 PM ISTUpdated : Dec 05, 2024, 02:30 PM IST
 നവീന്‍ ബാബുവിന്‍റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും

Synopsis

കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർ‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 

കൊച്ചി: കണ്ണൂർ മുൻ‌ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സർക്കാർ പറയുന്നു. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർ‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 

പൊലീസ് അന്വേഷണത്തിൽ പാളിച്ചകളില്ലെന്നാണ് സർക്കാർ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയിൽ അറിയിക്കും. നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചത്. 

സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ​ഗോവിന്ദൻ ആവർത്തിച്ചു. എ‍ഡിഎമ്മിൻറേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയെ അറിയിച്ചു. 

സംസ്ഥാന പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിൻറെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വാദം തുടങ്ങിയത്. പ്രതിയായ പിപി ദിവ്യ സിപിഎമ്മിൻറെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകൾ ശേഖരിക്കാൻ അവർക്ക് താൽപര്യമില്ല. പ്രതിയുമായി ചേർന്ന് രക്ഷപ്പെടാനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമർപ്പിക്കാൻ കോടതിയനുവദിക്കരുതെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു.  

അന്തിമ റിപ്പോ‍ർട്ട് നൽകിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനുളള നിയമവഴികളുണ്ട്. അങ്ങനെ സംഭവിച്ചാൽ വ്യാജ തെളിവുകൾ കുത്തിനിറച്ച് പ്രതിയെ രക്ഷിച്ചെടുക്കാനുളള റിപ്പോർട്ടാകും കോടതിയിൽ എത്തുകയെന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. രാഷ്ട്രീയ സ്വാധീനത്തിനുമപ്പുറത്ത് പ്രതിയ്ക്ക് എങ്ങനെയാണ് കേസിനെ വഴി തെറ്റിക്കാൻ കഴിയുക എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സിബിഐ അന്വേഷണം ഇല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിൻറെ കുടുംബത്തിൻറെ അഭിഭാഷകൻ അറിയിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയക്കുകയായിരുന്നു. 

പൂജാ ബംമ്പർ: കേരളം തിരഞ്ഞ ആ ഭാ​ഗ്യശാലിയിതാ, 12 കോടി അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാ​ഗതം ചെയ്ത് കേന്ദ്രമന്ത്രി; അത്താവാലെയ്ക്ക് മറുപടിയുമായി എം വി ​ഗോവിന്ദൻ; 'കേരളം എന്താണെന്ന് അത്താവലെയ്ക്ക് അറിയില്ല'
ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍, 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി