മോഷണക്കേസിൽ പ്രതിയായ സിപിഎം കൗൺസിലർക്കൊപ്പം യോഗത്തിൽ പങ്കെടുക്കില്ലെന്ന് കൗൺസിലർമാർ; പാലായിൽ ഭരണ പ്രതിസന്ധി

Published : May 23, 2024, 12:50 PM ISTUpdated : May 23, 2024, 01:05 PM IST
മോഷണക്കേസിൽ പ്രതിയായ സിപിഎം കൗൺസിലർക്കൊപ്പം യോഗത്തിൽ പങ്കെടുക്കില്ലെന്ന് കൗൺസിലർമാർ; പാലായിൽ ഭരണ പ്രതിസന്ധി

Synopsis

എയർപോഡ് മോഷണ വിവാദത്തിൽ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ മുന്നണിയിലെ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണ മുന്നണിയിലെ തന്നെ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നു

കോട്ടയം: മോഷണ കേസിൽ പൊലീസ് പ്രതി ചേർത്ത സിപിഎം കൗൺസിലർക്കൊപ്പം കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് മാണി ഗ്രൂപ്പ് കൗൺസിലർമാർ നിലപാടെടുത്തതോടെ പാലാ നഗരസഭ അസാധാരണമായ ഒരു ഭരണ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നഗര ഭരണത്തെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് എയർപോഡ് മോഷണ വിഷയം വളർന്നിട്ടും സിപിഎമ്മിന്റെയോ മാണി ഗ്രൂപ്പിന്റെയോ ജില്ലാ നേതൃത്വം വിഷയത്തിൽ ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല . 

എയർപോഡ് മോഷണ വിവാദത്തിൽ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ മുന്നണിയിലെ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെരെ ഭരണ മുന്നണിയിലെ തന്നെ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. മോഷണ കേസ് പ്രതിയായ ബിനുവിനൊപ്പം കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഭരണപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. മാണി ഗ്രൂപ്പ്കാരനായ നഗരസഭ ചെയർമാനും കൗൺസിലർമാർക്കൊപ്പം ഇറങ്ങിപ്പോയി. 

ഇതിനിടെ എഫ്ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ ഇയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല. മാര്‍ച്ച് ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് എത്തിയതോടെ കേസെടുത്ത വിവരം പോലും മറച്ചു വച്ച മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിഷയം കടുപ്പിക്കുകയാണ്. ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.

അപകടം തിരിച്ചറിഞ്ഞാണ് എഫ്ഐആര്‍ തന്നെ റദ്ദാക്കാനുളള അപേക്ഷയുമായി ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചത്. മോഷ്ടിക്കപ്പെട്ട എയര്‍പോഡ്  ഇംഗ്ലണ്ടിലേക്ക് കടത്തിയെന്നും ജോസ് ചീരങ്കുഴി ആരോപിച്ചിരുന്നു. ഇംഗ്ലണ്ടില്‍ എയര്‍പോഡ് കൈവശം വച്ചിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം പാലാ പൊലീസ് സ്റ്റേഷനിലെത്തി തൊണ്ടി മുതല്‍ കൈമാറിയെന്നും സൂചനയുണ്ട്. ഇവര്‍ കേസില്‍ പ്രതിയാകുമോ എന്നും വ്യക്തമല്ല. നാലു മാസത്തോളം ബിനു പുളിക്കക്കണ്ടം എയര്‍പോഡ് സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്നു എന്ന ആരോപണം സ്ഥിരീകരിക്കാന്‍ പോന്ന തെളിവുകള്‍ പൊലീസിന് ഇനിയും കിട്ടിയിട്ടില്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ