കാസർകോട് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് സിപിമ്മിൽ ഭിന്നത. കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.
കാസർകോട്: നിയസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്ന് സിപിമ്മിൽ ഭിന്നത രൂക്ഷമാകുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ഇന്നലെ ധാരണയായിരുന്നു. എന്നാൽ, ഇതിനുപിന്നാലെ എതിർപ്പുമായി ഡിവൈഎഫ്ഐ രംഗത്തുവരികയായിരുന്നു. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് ഡിവൈഎഫ്ഐ കത്ത് നൽകി.
യുഡിഎഫിനെ സഹായിക്കുന്ന പാർട്ടി നിലപാട് ശരിയല്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലും ഷാനവാസ് പാദൂരിനായി വ്യാപക പ്രചാരണം നടക്കുകയാണ്. കുമ്പള, ബായാർ ഡിവൈഎഫ്ഐ കമ്മിറ്റികളാണ് കത്ത് നൽകിയത്. കൂടുതൽ ഡിവൈഎഫ്ഐ കമ്മിറ്റികൾ ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നൽകും.
മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണയായത്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ ആലോചന നടത്തിയിരുന്നത്. എന്നാൽ, ഇത് ബിജെപിക്ക് അനുകൂലമാകുമെന്ന് ജില്ലാ കമ്മിറ്റിയിൽ വിലയിരുത്തുകയായിരുന്നു. തുടർന്നാണ് ജയാനന്ദനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ജയാനന്ദനെ മത്സരിപ്പിക്കരുതെന്നും ഷാനവാസ് പാദൂരിനെ തന്നെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എതിർപ്പ് ശക്തമായിരിക്കുകയാണ്. തുളു അക്കാദമി ചെയർമാൻ കൂടിയാണ് കെ ആർ ജയാനന്ദ. ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഉദുമയിൽ സി എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരിൽ വി പി പി മുസ്തഫയായിരിക്കും സ്ഥാനാർത്ഥി.

