
തിരുവനന്തപുരം: സോളാർ പീഡനകേസിൽ സിബിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതില്‍ പ്രതികരണവുമായി അടൂര്‍ പ്രകാശ് എം പി. സത്യവും നീതിയും ജയിച്ചു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
വിമാന ടിക്കറ്റ് അയച്ച് ബെംഗളൂരുവിലേക്ക് അടൂര്‍ പ്രകാശ് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സി ബി ഐ വിലയിരുത്തൽ. ബംഗളൂരുവില്‍ അടൂർ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ച് കൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ചേർത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പരാതിക്കാരിക്കെതിരെ റിപ്പോർട്ടിൽ രൂക്ഷമായ വിമർശനങ്ങളുണ്ടെന്നാണ് വിവരം.
സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈം ബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സി ബി ഐ ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡൻ എം പിക്കെതിരായ ആരോപണങ്ങളും തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർക്കെതിരായ കേസുകളിലാണ് ഇനി റിപ്പോർട്ട് നൽകാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam