
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കും പൊലീസിനുമെതിരെ ആക്രമണം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് അറസ്റ്റ്. സമരപ്പന്തലിലെ സ്ഥിരം സാന്നിധ്യമാണ് അറസ്റ്റിലായ സെൽറ്റൻ.
വിഴിഞ്ഞം സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് തോമസ് ജെ നെറ്റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു. അതേസമയം, വിഴിഞ്ഞം സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം.
തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും, സഹായമെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസിൽ പ്രതിയാണ്. സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിന്ന യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമം അടക്കം വകുപ്പുകളുമുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന് സര്‍ക്കാരിന്‍റെ ഒത്താശയെന്നാണ് സമരസമിതിയുടെ ആരോപണം.
'വിഴിഞ്ഞം സംഘര്‍ഷം സര്‍ക്കാരിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഫലം', ലത്തീന്‍ അതിരൂപത
സമരത്തോടുള്ള സര്‍ക്കാര്‍ സമീപനവും മാറുകയാണ്. അദാനി പറഞ്ഞ നഷ്ടക്കണക്ക് ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ തീരുമാനിച്ചു.104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് തുറമുഖ നിര്‍മ്മാണ കമ്പനി പറയുന്നത്. മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായി പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആവശ്യങ്ങളിൽ ഒന്നിന് പോലും ന്യായമായ പരിഹാരം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം ശക്തമാക്കുമെന്നാണ് ഇന്ന് ലത്തീൻ അതിരൂപതക്ക് കീഴിലെ പള്ളികളിൽ വായിച്ച സര്‍ക്കുലറിൽ പറയുന്നത്. തീരദേശത്ത് സംഘര്‍ഷ സധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ പൊലീസിന് നിര്‍ദ്ദേശമുണ്ട്. അവധിയിലുള്ളവര്‍ തിരിച്ചെത്തണമെന്നും നിര്‍ദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam