
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി കരുത്തോടെ അധികാരത്തിൽ വരുമെന്ന് അടൂർ പ്രകാശ് എം.പി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും മറുപടി പറയുകയായിരുന്നു യുഡിഎഫ് കൺവീനർ. ദേശീയ പാർട്ടി എന്ന നിലയിൽ തീരുമാനങ്ങൾ എടുക്കുന്നതിലുണ്ടായ സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിനെപ്പോലെ പ്രാദേശികമായി തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു അഖിലേന്ത്യാ പാർട്ടി എന്ന നിലയിൽ ഹൈക്കമാൻഡ് തലത്തിലുള്ള ആലോചനകൾ ആവശ്യമാണ്. സ്ഥാനാർത്ഥി പട്ടിക വൈകിയെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും പാർട്ടി എടുത്ത തീരുമാനങ്ങൾ ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയിൽ മത്സരിക്കണമെന്ന ആഗ്രഹം താൻ എ.ഐ.സി.സിയെ അറിയിച്ചിരുന്നില്ലെന്ന് അടൂർ പ്രകാശ് വെളിപ്പെടുത്തി. പാർട്ടി നിർദ്ദേശപ്രകാരമാണ് ഞാൻ ആറ്റിങ്ങലിൽ മത്സരിച്ചത്. കോന്നിയിലെ ജനങ്ങൾ എന്നെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്നേഹിക്കുന്നുണ്ട്. അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ച് പാർട്ടി എന്നോട് ചോദിച്ചിരുന്നു. കോന്നിയിൽ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥി ഞാൻ നൽകിയ പേരാണ്," അദ്ദേഹം പറഞ്ഞു. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന എ.ഐ.സി.സി തീരുമാനം താൻ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം ഡിലീറ്റ് ചെയ്തത് പാർട്ടി തീരുമാനം വരാൻ വൈകിയത് മൂലമുണ്ടായ ചെറിയ കൺഫ്യൂഷൻ കൊണ്ടാണെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി ഈ വിഷയത്തിൽ താൻ സംസാരിച്ചിട്ടില്ല. ഒരേ ഫ്ലാറ്റിലാണ് താമസമെങ്കിലും ഈ കാര്യത്തിൽ ആശയവിനിമയം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബാധ്യത സർട്ടിഫിക്കറ്റ് തേടിയതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അത് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും യു.ഡി.എഫിന് യാതൊരു വിധത്തിലുള്ള ആശങ്കയുമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam