ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ ആറുപേരെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തത്. കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പൊലീസിനോട് വെളിപ്പെടുത്തി.
ബെംഗളൂരു: മംഗളൂരു ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ രണ്ട് മലയാളി വിദ്യാർത്ഥികളെ ആക്രമിച്ചതായി പരാതി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാർത്ഥികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.
ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചു എന്ന പരാതിയിലാണ് സീനിയർ വിദ്യാർത്ഥികളായ ആറുപേരെ പാണ്ഡേശ്വർ പൊലീസ് അറസ്റ്റ് ചെയ്തത്. കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മർദിച്ചതെന്ന് ആദർശും ജസിൻ ഖാദറും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ ചായ കുടിക്കാൻ കോളേജിന് സമീപത്തെ കടയിലെത്തിയപ്പോൾ സീനിയർ വിദ്യാർത്ഥികൾ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ആയിരുന്നു. തങ്ങളെയും മാതാപിതാക്കളെയും സീനിയർ വിദ്യാർത്ഥികൾ അസഭ്യം പറഞ്ഞതായി ആദർശും ജസിനും പറഞ്ഞു. പിന്നാലെ ആദർശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു.
ഇതോടെ ഭയന്ന ജസിൻ സമീപത്തെ കടയിലെത്തി പൊലീസ് സ്റ്റേഷന്റെ നമ്പർ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളാണ് ഇവർ. ആരോപണവിധേയരായ വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് കോളേജ് മാനേജ്മെന്റും വ്യക്തമാക്കി.

