
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ അടൂർ പ്രകാശ് എം പി. അന്വേഷണം വളച്ചൊടിക്കുന്നുവെന്നും എസ് ഐ ടിയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില ഉദ്യോഗസ്ഥരെ രണ്ടാമത് തിരുകി കയറ്റിയെന്നും ഇത് സംശയാസ്പദമാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. സർക്കാർ അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ നിയമിച്ചിട്ടുണ്ട്. ഇവരാണ് യു ഡി എഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത്. തന്റെ ചോദ്യം ചെയ്യൽ സമയത്ത് പുറത്ത് വാർത്തകൾ പ്രചരിപ്പിച്ചതും ഇവരാണ്. പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെന്ന് വരെ പ്രചരിപ്പിച്ചു. എസ് ഐ ടി ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി. ഇതിന് ശേഷം മാധ്യമങ്ങളെ കാണാതെ ഒളിച്ചോടി പുറകിലൂടെ പോകാനുള്ള വഴി ചില ഉദ്യോഗസ്ഥർ പറഞ്ഞു തന്നു. എന്നാൽ മാധ്യമങ്ങളെ കണ്ടിട്ടേ പോകൂ എന്ന് താൻ പറഞ്ഞു. ഉദ്യോഗസ്ഥർ പറഞ്ഞത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് താൻ ഇന്നലെ മടങ്ങിയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഇന്നലെ എസ് ഐ ടിക്ക് മുന്നിൽ ഹാജരായതിൽ കൂടുതൽ പ്രതികരണവും അടൂർ പ്രകാശ് നടത്തി. എസ് ഐ ടി വിളിച്ചിട്ട് സ്റ്റേറ്റ്മെന്‍റ് നൽകാമോ എന്ന് ആവശ്യപ്പെട്ടു. അതു കൊണ്ടാണ് പോയത്. ഞാൻ രഹസ്യമായി പോയതല്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോയെ പറ്റി ചോദിച്ചു. ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞു. മാധ്യമങ്ങൾ പല കഥകൾ സൃഷ്ടിക്കുന്നു. പോറ്റിക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. അത് സത്യമേയല്ല. ഇതൊന്നും കണ്ട് ഒളിച്ചോടാൻ തയ്യാറല്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്നതാണ് അവസ്ഥ. ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്നു. ആടിനെ പട്ടിയാക്കുന്ന കാലമാണെന്നും അടൂർ പ്രകാശ് അഭിപ്രായപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം ഏത് രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam