'താമരപ്പൂകൊണ്ട് തുലാഭാരമല്ല, ജനങ്ങൾക്കിടയിലെ പ്രവ‍ര്‍ത്തിയാണ് വേണ്ടത്': രാഹുലിനെ പ്രശംസിച്ച് ജയശങ്കര്‍

By Web TeamFirst Published Jun 9, 2019, 11:16 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയതിനെ പരാമര്‍ശിച്ചാണ് രാഹുൽ ഗാന്ധിയെ അഡ്വക്കേറ്റ് ജയശങ്കര്‍ പ്രശംസിച്ചത്

തിരുവനന്തപുരം: മൂന്ന് ദിവസത്തെ സന്ദ‍‍ര്‍ശനത്തിനായി തന്റെ മണ്ഡലത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയെ അഭിനന്ദിച്ച് അഡ്വ എ ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയതിനെ പരാമര്‍ശിച്ചാണ് രാഹുൽ ഗാന്ധിയെ അഡ്വക്കേറ്റ് ജയശങ്കര്‍ പ്രശംസിച്ചത്. ഈ പോസ്റ്റ് കോൺഗ്രസ് നേതാക്കളുൾപ്പടെ നിരവധി പേരാണ് ഷെയ‍ര്‍ ചെയ്തിരിക്കുന്നത്.

"നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്," എന്നാണ് ജയശങ്കറിന്റെ കുറിപ്പ്. അടുത്ത അഞ്ച് വ‍ര്‍ഷം രാജ്യത്തെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതടക്കം രാഹുൽ ഗാന്ധിക്ക് ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങളെ പരാമര്‍ശിച്ചാണ് ജയശങ്കറിന്റെ കുറിപ്പ്.

പോസ്റ്റിൽ പറയുന്നതിങ്ങനെ. 

"നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്.

വരുന്ന അഞ്ചു വർഷം കൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവർത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേൽക്കോയ്മ തകർക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കർഷകരുടെ, കർഷക തൊഴിലാളികളുടെ, ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവർത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണം" എന്നാണ് ജയശങ്കര്‍ എഴുതിയത്.

 

 

എന്നാൽ ജയശങ്കര്‍ യഥാ‍ര്‍ത്ഥത്തിൽ കോൺഗ്രസ് നേതാവിനെ ട്രോളിയതാണോയെന്ന സംശയം പല‍ര്‍ക്കും ഉണ്ടായി. പക്ഷെ ഈ സംശയം കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായ അഡ്വ ടി സിദ്ധിഖിന് ഉണ്ടായില്ല. അദ്ദേഹം ജയശങ്കറിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു. എന്നാൽ കമന്റ് ബോക്സിൽ നിരവധി പേരാണ് ഇത് ട്രോളാണ് എന്ന് പറഞ്ഞിരിക്കുന്നത്. പക്ഷെ പോസ്റ്റ് പിൻവലിക്കാൻ സിദ്ധിഖ് തയ്യാറായിട്ടില്ല. 

click me!