അഭിമന്യുവിനെ കൊന്നവരെ ഇക്കൊല്ലം പിടിക്കും, അല്ലെങ്കില്‍ അടുത്ത കൊല്ലം; പരിഹസിച്ച് ജയശങ്കര്‍

By Web TeamFirst Published Jul 3, 2019, 12:47 PM IST
Highlights

''ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും'' - ജയങ്കര്‍ കുറിച്ചു.

തിരുവനന്തപുരം: അഭിമന്യുവിന്‍റെ ഒന്നാം രക്തസാക്ഷിത്വദിനം എസ്എഫ്ഐയും സിപിഐഎമ്മും ആഘോഷിക്കുന്നതിനിടെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ പൊലീസിനെയും സര്‍ക്കാരിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ പരിഹസിച്ചത്. 

''അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പൊലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും'' - ജയങ്കര്‍ കുറിച്ചു. 

ആറ് പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റുചെയ്യാൻ സാധിച്ചിട്ടില്ല. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് രണ്ടാം വർഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു കോളേജിന് പിൻഭാഗത്തെ റോഡിനുസമീപം കുത്തേറ്റുവീണത്. എസ്എഫ്ഐയുടെ  ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയിലായിരുന്നു കൊലപാതകം. വ‌ർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസിൽ ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘർഷത്തിൽ  കൊല്ലപ്പെട്ടത് വലിയ കോളിളക്കം ഉണ്ടാക്കി. 16 പ്രതികളെ ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, സുഹൃത്ത് അ‍ര്‍ജുനെ കുത്തി പരുക്കേൽപ്പിച്ച ഷഹീം എന്നീ പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 

അഡ്വ. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് 


സഖാവ് അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്; എസ്എഫ്ഐയും മാർക്സിസ്റ്റ് പാർട്ടിയും ചെയ്യാവുന്നതൊക്കെ ചെയ്തു എന്ന കൃതാർത്ഥതയോടെ.

അഭിമന്യുവിൻ്റെ കുടുംബസഹായ ഫണ്ടിൽ 3കോടി 10ലക്ഷം രൂപ പിരിഞ്ഞു. അതിന്റെ ചെറിയൊരു ഭാഗം കൊണ്ട് വട്ടവടയിൽ 10സെന്റ് സ്ഥലം വാങ്ങി വീടു പണിയിച്ചു കൊടുത്തു, സഹോദരിയുടെ കല്യാണം നടത്തി, സഹോദരന് ജോലി കൊടുത്തു, മാതാപിതാക്കൾക്കളുടെ പേരിൽ 25 ലക്ഷം നിക്ഷേപിച്ചു. ബാക്കി വരുന്ന രണ്ടരക്കോടി ഉപയോഗിച്ച് ഗംഭീര സ്മാരകം പണിയാൻ പോകുന്നു.

നമ്മുടെ പോലീസ് ശുഷ്‌കാന്തിയോടെ കേസ് അന്വേഷണം പൂർത്തീകരിച്ചു. 16 പ്രതികൾക്കെതിരെ കുറ്റപത്രം കൊടുത്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. വിചാരണ ഉടൻ ആരംഭിക്കും.

അഭിമന്യുവിൻ്റെ നെഞ്ചിൽ കഠാര കുത്തിയറക്കിയ പഹയനെ പിടിച്ചിട്ടില്ല. അർജുനെ കുത്തിയവനും മുങ്ങി. രണ്ടുപേർക്കുമെതിരെ പോലീസ്‌ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ, ഈ വർഷമല്ലെങ്കിൽ അടുത്ത വർഷം, അതുമല്ലെങ്കിൽ അതിനടുത്ത വർഷം അവരെയും പിടികൂടും. ഇനി ബൂർഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി ശിക്ഷിക്കും.

വർഗീയതയെ നമ്മൾ മേലാലും ചെറുക്കും, എതിർത്തു തോല്പിക്കും. കഴിവതും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരു പറയാതെ വിമർശിക്കാൻ എല്ലാ സഖാക്കളും പ്രത്യേകം ശ്രദ്ധിക്കും.

രക്തസാക്ഷി മരിക്കുന്നില്ല
ജീവിക്കുന്നു ഞങ്ങളിലൂടെ

click me!