മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Published : Sep 26, 2019, 03:16 PM ISTUpdated : Sep 26, 2019, 03:33 PM IST
മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Synopsis

ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറിപ്പിനെ വെട്ടി അപ്രതീക്ഷിതമായി മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ.മോഹന്‍കുമാര്‍ മത്സരിക്കും. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും. മോഹന്‍കുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ആദ്യം എതിര്‍ത്ത കെ.മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്. 

ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറുപ്പിനെ വെട്ടി അപ്രതീക്ഷിതമായി മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. പ്രാദേശിക നേതൃത്വം ഉയര്‍ത്തിയ പ്രതിച്ഛായ പ്രശ്നവും എതിര്‍സ്ഥാനാര്‍ത്ഥികളേയും പരിഗണിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന് പകരം മോഹന്‍കുമാറായിരിക്കും നല്ലതെന്ന ആലോചനയാണ് നേതൃത്വത്തിലുണ്ടായത്. എന്നാല്‍ താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ മുരളീധരനെ കൊണ്ട് അംഗീകരിപ്പിക്കുക എന്നത് വെല്ലുവിളിയായി അവശേഷിച്ചു. മോഹന്‍കുമാറിന്‍റെ പേരിനോട് മുരളീധരന്‍ വലിയ താത്പര്യം കാണിക്കാതിരുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. 

ഇന്ന് പാലക്കാട് മനുഷ്യാവകാശകമ്മീഷന്‍റെ സിറ്റിംഗില്‍ പങ്കെടുക്കേണ്ടിയിരുന്ന മോഹന്‍കുമാര്‍ പരിപാടി റദ്ദാക്കി തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പീതാംബരക്കുറുപ്പിനെ തഴഞ്ഞ് മോഹന്‍കുമാറിനെ പരിഗണിക്കുന്നതില്‍ മുരളീധരന് എതിര്‍പ്പുള്ളതായുള്ള വാര്‍ത്തകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതോടെ മുരളീധരന്‍റെ വസതിയിലെത്തിയ മോഹന്‍ കുമാര്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. 

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തർക്കത്തിനില്ലെന്ന് വ്യക്തമാക്കി. ഞാനായിട്ട് പാർട്ടിക്ക് പ്രശ്നമുണ്ടാക്കില്ല. എന്റെ അഭിപ്രായം പാർട്ടി ഫോറത്തിൽ കൃത്യമായി അറിയിച്ചിട്ടുണ്ട്. യുഡിഎഫിന് അനുകൂലമായൊരു ട്രെൻഡ് ഇപ്പോൾ നിലവിലുണ്ട് അതു ഞാനായിട്ട് ഇല്ലാതാക്കില്ല. വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് നിശ്ചയിക്കും. കോൺ​ഗ്രസ് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും ജയിക്കും - മുരളീധരൻ പറഞ്ഞു. 

പീതാംബരക്കുറുപ്പ് തന്നെ മത്സരിക്കണം എന്ന വാശി മുരളീധരന്‍ ഉപക്ഷേച്ചെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹം പൂര്‍ണതൃപ്തനായിരുന്നില്ല എന്നാണ് സൂചന. മുരളിയെ അനുനയിപ്പിക്കാന്‍ ചെന്നിത്തലയും മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ട് ഇടപെട്ടു. ഇന്നലെ വരെ മുൻകൊല്ലം എംപിയായ പീതാംബരക്കുറുപ്പിനെയാണ് പാർട്ടി സജീവമായി പരി​ഗണിച്ചിരുന്നത്. എന്നാൽ പീതാംബരക്കുറുപ്പിനെതിരെ വട്ടിയൂർക്കാവിലെ പ്രാദേശികനേതാക്കൾ ഉയർത്തിയ പ്രതിഷേധം കാര്യങ്ങൾ സങ്കീർണമാക്കി. 

താൻ മത്സരിക്കാനെത്തുമ്പോൾ ഇതിലും ഇരട്ടി പ്രതിഷേധം നേരിട്ടുന്നുവെന്ന് പറഞ്ഞ് മുരളീധരൻ പീതാംബരക്കുറുപ്പിനെതിരായ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞെങ്കിലും കെപിസിസി നേതൃത്വം ഇതിനെ ​ഗൗരവമായി തന്നെ എടുത്തു. ഐ ​ഗ്രൂപ്പിന്റെ സിറ്റിം​ഗ് സീറ്റായ വട്ടിയൂർക്കാവിൽ രമേശ് ചെന്നിത്തലയുടെ താത്പര്യവും നിർണായകമായി ഇതാണ് മുൻ കൊല്ലം ഡിസിസി പ്രസിഡന്റും മനുഷ്യാവകാശ കമ്മീഷണറുമായ മോഹൻ കുമാറിന്റെ സാധ്യതയേറ്റിയത്.

തിരുവനന്തപുരത്ത് എത്തി ചെന്നിത്തലയേയും മുരളീധരനേയും കണ്ട മോഹൻകുമാർ സ്ഥാനാർത്ഥിത്വമോഹം മറച്ചു വച്ചില്ല സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ സമയമായെന്നും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. . മേഘങ്ങൾ പോയ് മറയുമെന്നും രണ്ട് ദിവസത്തിനുള്ളിൽ ചിത്രം തെളിയുമെന്നും മോഹന്‍കുമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍ കെ.മുരളീധരന്‍റെ പിന്തുണ ഉറപ്പായതോടെ പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് വട്ടിയൂര്‍ക്കാവിലെ സീറ്റുറച്ചു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി