
ഒറ്റപ്പാലം: പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് എല്‍ഡിഎഫിന്‍റെ സിറ്റിംഗ് എംഎല്‍എ ആയ കെ പ്രേംകുമാര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പാര്‍ട്ടി വിട്ട് എത്തിയ സിപിഎം മുന്‍ നേതാവ് പി കെ ശശിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പി കെ ശശിയെ 26,910 വോട്ടുകള്‍ക്കാണ് പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. പ്രേംകുമാര്‍ 74,890 വോട്ടുകളും പി കെ ശശി 47,980 വോട്ടുകളും നേടി. ബിജെപി സ്ഥാനാര്‍ഥിയായി എത്തിയ സംവിധായകന്‍ മേജര്‍ രവിയും മികച്ച പ്രകടനമാണ് നടത്തിയത്. 42,303 വോട്ടുകളാണ് മേജര്‍ രവി നേടിയത്. 2021 തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് കെ പ്രേംകുമാര്‍ കൈപ്പിടിയില്‍ ഒതുക്കിയത്.
ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്‍ണപുരം, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഒറ്റപ്പാലം നിയമസഭ മണ്ഡലം. 2021 ല്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസിലെ ഡോ. പി സരിനെ 20,000 ല്‍ താഴെ വോട്ടുകള്‍ക്കാണ് പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി പി. വേണുഗോപാലും ഗണ്യമായ വോട്ടുകൾ നേടി പാർട്ടിക്ക് മണ്ഡലത്തിലുള്ള സ്വാധീനം അറിയിച്ചിരുന്നു.
കേരള നിയമസഭയിലെ 52-ാം നമ്പർ മണ്ഡലമായ ഒറ്റപ്പാലം, പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ഹൃദയമിടിപ്പ് തന്നെയാണ്. 2006 മുതൽ സിപിഎം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണിത്. 2016-ൽ പി. ഉണ്ണി യുഡിഎഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനെ 16,088 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ അഡ്വ. കെ. പ്രേംകുമാർ 74,859 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 15,152 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന് പ്രേംകുമാറിന് ലഭിച്ചത്. ബിജെപിയുടെ പി. വേണുഗോപാലും ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം മണ്ഡലത്തിൽ നടത്തിയിരുന്നു. മണ്ഡലം എൽഡിഎഫിന്റേതാണെങ്കിലും ലോക്സഭയിൽ 2,208 വോട്ടിന്റെ മുൻതൂക്കം യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽഅതിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രം വീണ്ടും മാറി. ആകെയുള്ള എട്ട് തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്തും എൽഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam