
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വർണക്കടത്തിൽ അറ്റാഷെക്ക് പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസിൽ കുടുക്കുമെന്നും സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകൻ കേസരി കൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെക്ക് പങ്കുണ്ട്. സ്വർണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അയാൾ കാലുമാറിയത്. ചരക്ക് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി കോൺസുലേറ്റിൽ നിന്നും അറ്റാഷെയെ വിളിച്ചു വരുത്തി. താൻ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഓർഡർ ചെയതെന്ന് പറഞ്ഞ് ഇയാൾ ഒഴിയുകയാണ് ചെയ്തെന്നും കേസരി കൃഷ്ണൻ നായർ വെളിപ്പെടുത്തി. അറ്റാഷെയെ കൂടാതെ സന്ദീപ് നായർക്കും കേസിൽ നിർണായക പങ്കുണ്ടെന്നും വലിയൊരു കള്ളക്കടത്ത് സംഘത്തിൻ്റെ ഏറ്റവും താഴെയുള്ള കണ്ണികൾ മാത്രമാണ് സ്വപ്നയും സരിതെന്നും കേസരി കൃഷ്ണൻ നായർ വെളിപ്പെടുത്തുന്നു.
അഭിഭാഷകൻ കേസരി കൃഷ്ണൻ നായരുടെ വാക്കുകൾ -
ജൂലൈ നാലിനാണ് സരിത്ത് എന്നെ കാണാൻ വീട്ടിലെത്തുന്നത്. തങ്ങളുടെ ഒരു ചരക്ക് വിമാനത്താവളത്തിൽ തടഞ്ഞുവെന്ന വിവരം സരിത്ത് എന്നോട് പറഞ്ഞു. കൂടുതൽ സംസാരിച്ചപ്പോൾ ആണ് അതിൽ 25 കിലോ സ്വർണം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കസ്റ്റംസ് അസി.കമ്മീഷറുമായി ചരക്ക് വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്നോട് സരിത്ത് പറഞ്ഞു. അഥവാ ഈ വിഷയം കേസായാൽ എന്തു ചെയ്യണം എന്നറിയാനാണ് സരിത്ത് തന്റെ അടുത്ത് എത്തിയത്. സരിത്തിനൊപ്പം സ്വപ്നയുടെ രണ്ടാം ഭർത്താവ് ജയശങ്കറും തന്നെ കാണാനായി വന്നിരുന്നു. എന്നാൽ അയാളൊന്നും കാര്യമായി പറഞ്ഞില്ല.
തനിക്ക് ഇതേക്കുറിച്ച് വലിയ അറിവില്ലാത്തതിനാൽ കാര്യങ്ങൾ മനസിലാക്കാൻ സമയം തരണമെന്നും അടുത്ത ദിവസം അതായത് ജൂലൈ അഞ്ചിന് കാണാമെന്നും സരിത്തിനോട് താൻ പറഞ്ഞു. തുടർന്ന് എൻ്റെ വീട്ടിൽ നിന്നും വെള്ളയമ്പലത്തെ സ്വപ്നയുടെ ഫ്ലാറ്റിലേക്ക് ഞങ്ങൾ പോയി. അവിടെ സന്ദീപ് നായരും സ്വപ്ന സുരേഷും ഉണ്ടായിരുന്നു.
ആകെ തകർന്നു തരിപ്പണമായ നിലയിലാണ് താൻ സ്വപനയെ കണ്ടത്. തനിക്ക് ഇതേക്കുറിച്ച് അറിവൊന്നുമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടാൽ രക്ഷിക്കണമെന്നും ഒരു അച്ഛനെ പോലെ കരുതി താൻ അപേക്ഷിക്കുകയാണെന്നും സ്വപ്ന അന്നു തന്നോട് പറഞ്ഞു. എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ വിളിക്കാം എന്നു പറഞ്ഞാണ് ഞാൻ അവരോട് യാത്ര പറഞ്ഞത്. അവിടെ നിന്നുമാണ് സ്വപ്നയും സന്ദീപ് നായരും ഒളിവിൽ പോയത്.
അടുത്ത ദിവസം രാവിലെയോടെ തന്നെ സരിത്ത് വിളിച്ചു. താൻ കസ്റ്റംസ് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞു. ഇപ്പോൾ എന്തിനാണ് പോകുന്നതെന്ന് താൻ ചോദിച്ചപ്പോൾ താൻ ഇപ്പോൾ അവിടേക്ക് ചെന്നില്ലെങ്കിൽ അറബി (അറ്റാഷെ) മാഡത്തെ (സ്വപ്ന സുരേഷ്)കുടുക്കുമെന്ന് സരിത്ത് പറഞ്ഞു. അൽപം സമയം കഴിഞ്ഞ് ഉച്ചയോടെ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായുള്ള വാർത്ത ഞാൻ കണ്ടു. ഡിപ്ലോമാറ്റിക് കാർഗോ വഴി നേരത്തെയും രണ്ട് തവണ താൻ ചരക്ക് കടത്തിയിട്ടുണ്ടെന്ന് സരിത്ത് തന്നോട് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam