തൊഴിലുറപ്പ് പദ്ധതി സിപിഎം കൊണ്ടുവന്നതാണെന്ന് കള്ളം പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും പിആർ വർക്കുകളിലൂടെ നിർമ്മിച്ച പ്രതിച്ഛായയാണ് ശൈലജയുടേതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്നും പുതിയ കാലത്തെ ഏറ്റവും 'ഫേക്ക്' ആയ നേതാവാണ് കെകെ ശൈലജയെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളോട് ശൈലജ ടീച്ചർ സംസാരിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ രാഹുൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. കോൺഗ്രസ് കൊണ്ടുവന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും, അത് സിപിഎം കൊണ്ടുവന്നതാണെന്ന് ശൈലജ ടീച്ചർ നിഷ്കളങ്കരായ തൊഴിലാളികളോട് പറയുന്നത് മനസ്താപമില്ലാത്ത നടപടിയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഓണത്തിന് അലവൻസ് നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അതിന് കാരണം എൽഡിഎഫ് സർക്കാരാണെന്നും പറയുന്നത് മണ്ടത്തരമാണ്. പാവപ്പെട്ട അമ്മമാരുടെ നിസ്സഹായാവസ്ഥയും പ്രാരബ്ധവും ചൂഷണം ചെയ്ത് വോട്ട് കൂട്ടാനാണ് ടീച്ചർ ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പഴയകാല നേതാക്കൾ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ പുതിയ കാലത്തെ നേതാക്കൾ ഒരു ജാള്യതയുമില്ലാതെ പച്ചക്കള്ളം പറയുകയാണ്. പിആർ വർക്കുകളിലൂടെ നിർമ്മിച്ചെടുത്ത പ്രതിച്ഛായയാണ് ശൈലജയുടേതെന്നും അദ്ദേഹം പരിഹസിച്ചു. "പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിക്കരുത്" എന്ന് എംഎം മണി പറഞ്ഞതിന്റെ നാടകീയമായ വേർഷനാണ് ശൈലജ ടീച്ചർ അവതരിപ്പിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം നുണകൾ ഈ നാട് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറിപ്പിങ്ങനെ..

പെരും നുണകളാൽ കെട്ടിപ്പൊക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ സൈദ്ധാന്തികമായി കള്ളങ്ങൾ പറഞ്ഞു പൊതുബോധങ്ങൾ സൃഷ്ടിച്ചിരുന്നുവെങ്കിൽ, പുതിയ കാലത്ത് അതിന് കഴിവ് ഇല്ലാത്ത കുറെ നേതാക്കൾ പച്ചക്ക് വന്നു കള്ളം പറയുന്നു. പറയുന്ന കള്ളം പിടിക്കപ്പെട്ടാലും ഒരു ജാള്യതയുമില്ലാതെ പിന്നെയും അതിനെ ന്യായീകരിക്കാനും അവർക്ക് ഒരു മടിയുമില്ല. പുതിയ കാലത്തെ PR നിർമ്മിതികളിലെ ഏറ്റവും ഫേക്ക് ആയ ഒരു നേതാവാണ് ശ്രീമതി ശൈലജ. അത് അവർ പല കുറി തെളിയിച്ചിട്ടുമുണ്ട്.

ഇന്നലെ തന്നെ നോക്കൂ, കുറെ സാധുക്കളായ നിഷ്കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരോട് എത്ര മനസ്താപം ഇല്ലാതെയാണ് തൊഴിലുറപ്പ് പദ്ധതി CPM കൊണ്ട് വന്നതാണ് എന്ന കള്ളം പറയുന്നത്. കോൺഗ്രസ് കൊണ്ട് വന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് നല്ല ബോധ്യമുണ്ടായിട്ടും അങ്ങനെ ഒരു കള്ളം പറയാൻ അവർക്ക് ഒരു മടിയുമില്ല. ഓണത്തിനു അലവൻസ് തരുന്നത് കേരളത്തിൽ മാത്രം ആണെന്നും മറ്റൊരു സംസ്ഥാനത്തും അത് ഇല്ല എന്നും അതിനു കാരണം LDF സർക്കാർ ആണെന്നും ഒക്കെ പറയുന്നത് മണ്ടത്തരമാണെന്ന് അവർക്ക് അറിയാഞ്ഞിട്ടില്ല. ആ സാധു അമ്മമാരുടെ നിസ്സഹായതയും പ്രാരബ്ദത്തെയും ചൂഷണം ചെയ്തു തങ്ങൾക്ക് വോട്ട് കൂട്ടാൻ ശ്രമിക്കുകയാണ് . ‘പെൻഷൻ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു’ എന്ന MM മണി പറയുന്നതിന്റെ നാടകീയ വേർഷനാണ് ശ്രീമതി ശൈലജ പറയുന്നത്. ഈ പെരും നുണകൾ ഈ നാട് തിരിച്ചറിയും.