
കോഴിക്കോട്: വിവിധ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചുള്ള പരാതിക്ക് പിന്നാലെ എംഎ ഷഹനാസിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക അഡ്വക്കേറ്റ് കുക്കു ദേവകി. ഷഹനാസിന്റെ കഠിനമായ ജീവിതയാത്രയും മാറാട് കലാപകാലത്തെ അതിജീവനവും വിവരിച്ചുകൊണ്ടാണ് അഭിഭാഷക കൂടിയായ കുക്കു ദേവി ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷഹനാസിനെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി രംഗത്തെത്തിയത്. മാറാട് കലാപകാലത്ത് അക്രമികളുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെട്ട്, രാത്രിക്ക് രാത്രി നാടുവിട്ട ചരിത്രമാണ് ഷഹനാസിന്റെ കുടുംബത്തിനുള്ളത്. സിംഗിൾ മദറായ ഉമ്മ ഖത്തറിൽ വീട്ടുജോലി ചെയ്താണ് ഷഹനാസിനെയും സഹോദരിയെയും വളർത്തിയത്. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിവിൽ സര്‍വീസ് പ്രിലിംസ് ക്വാളിഫൈ ചെയ്തതിന് അവര്‍ക്ക് ആദരം ലഭിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
ഹിന്ദു മതവിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ പങ്കാളിയുടെ വീട്ടുകാർ ഇപ്പോഴും വിളിക്കുന്ന പേരാണ് 'പ്രിയ'. രേഖകളിൽ ആ പേര് വരുന്നതിൽ അസ്വാഭാവികതയില്ല. ഒരു സ്ത്രീ പബ്ലിഷിംഗ് രംഗത്ത് വിജയിക്കുന്നതും നിലപാടുകൾ തുറന്നു പറയുന്നതും പുരുഷ ലോകത്തിന് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഇത്തരം കഥകൾ മെനയുന്നതെന്ന് കുക്കു ദേവകി ആരോപിച്ചു. രണ്ട് പേരുകളിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുവെന്നും ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു കോൺഗ്രസ് പ്രവര്‍ത്തകനായ നിയാസ് മലബാറി ഡിജിപിക്ക് നൽകിയ പരാതി. ഇതിന് പുറമെ, സിവിൽ സര്‍വീസ് പാസായെന്ന് വ്യാജ വാദം ഉന്നയിച്ച് സ്വീകരണം നേടിയെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരുന്നു. ഇതിനും പരോക്ഷമായി കുക്കു ദേവകിയുടെ കുറിപ്പിൽ മറുപടി നൽകുന്നുണ്ട്.
ഷഹനാസിനോട് സംസാരിച്ചിരുന്നു... തീയിൽ കുരുത്തവളാണ് വെയിലത്തു വാടൂലാ... മാറാട് കലാപം നടന്ന ബീച്ചിനടുത്തായിരുന്നു ചെറുപ്പകാലത്ത് ഷഹനാസ് ജീവിച്ചത്... കലാപകാലത്ത് ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത്.. ആളുകൾ പരസ്പരം കൊന്നോണ്ടിരിക്കുന്ന സമയത്ത് കത്തിയുടെ മുന്നിൽ നിന്ന് സിംഗിൾ മദറായിരുന്ന ഉമ്മ ചേച്ചിയുടെയും ഷഹനാസിൻ്റെയും കൈ പിടിച്ച് രാത്രിയ്ക്ക് രാത്രി ഓടി രക്ഷപ്പെട്ടിട്ട് അതിജീവിച്ചവരാണ്... ഷഹനാസിൻ്റെ ഉമ്മ ഡിവോഴ്സിയാണ് രണ്ട് പെൺ മക്കളെ വളർത്താനായി ഖത്തറിൽ ഹോം മെയ്ഡായി ജോലി ചെയ്തിട്ടുണ്ട്.. ഹിന്ദുമത വിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാർ " പ്രിയ " എന്നു തന്നെയാണ് വിളിക്കുന്നത്.. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഐ എ എസ്സിൻ്റെ പ്രിലിം എക്സാം കോളിഫൈ ചെയ്തപ്പോൾ അവിടെയൊരു ആദരവ് കൊടുത്തിരുന്നു... എം ബി ബി എസ്സിന് പഠിക്കുന്ന മകൾ ഷഹനാസിനുണ്ട്... ഷഹനാസിനോടൊപ്പം പങ്കാളിയും മകളും ബാക്കി വീട്ടുകാരും കട്ടയ്ക്ക് ഉണ്ട്.. ഇതിൽ ഏതിലെങ്കിലും ആരെയെങ്കിലും ഉപദ്രവിച്ചതായ ചരിത്രമുണ്ടോ?
അതിക്രമിച്ച ചരിത്രമുണ്ടോ? പ്രണയിച്ച് ആരെയെങ്കിലും ശരീരം മുഴുവൻ കുത്തി കീറി ഉപദ്രവിച്ച ചരിത്രമുണ്ടോ? പുരുഷനും കോൺഗ്രസ്സുക്കാരനും ചെറുപ്പക്കാരനുമായ ഒരു വക്കീൽ പറഞ്ഞത് മാങ്കൂട്ടത്തിനെ ഓർക്കുമ്പോൾ ഒരു ഹീറോയെ ഓർക്കുന്നതു പോലെയാണെന്നാണ്... ഒരു കാര്യം മനസ്സിലാക്കിയാൽ കൊള്ളാം.. എത്രയോ പെണ്ണുങ്ങളെ ഉപദ്രവിച്ച ഒരുത്തനെയാണ് ഷഹനാസിൻ്റെ ചരിത്രത്തിലേയ്ക്കും മറ്റും കടന്നുകയറി
പിന്നീട് ഷഹനാസ് മാങ്കൂട്ടം പ്രശ്നം മാത്രമാക്കി ചുരുക്കി വെളുപ്പിച്ച് കൊണ്ടിരിക്കുന്നത്.. എന്തായാലും ഒരു സ്ത്രീ പബ്ലിഷിംഗിൻ്റെ ഇടത്തിലേയ്ക്ക് എത്തിയിരിക്കുന്നു എന്നതും അവർ ചിലതൊക്കെ വിളിച്ചു പറയുന്നു എന്നതും പുരുഷ ലോകത്തിന് രുചിക്കുന്നില്ല... അതുകൊണ്ട് തന്നെ പുരുഷ ലോകം ഇത്തരം കഥകൾ മെനഞ്ഞു കൊണ്ടേയിരിക്കും അത് എത്രയും വേഗം ഇവിടെ പറന്ന് നടക്കുകയും ചെയ്യും.. ഷഹനാസ് തളരരുത്... ഉറപ്പോടെ മുന്നോട്ട് തന്നെ പോകുക...
‘കോഴിക്കോട് ഫറോക്ക് സ്വദേശി ഡോക്ടർ സിജേഷ് എന്നയാളുടെ ഭാര്യയും മാക്ബാത്ത് പബ്ലിക്കേഷൻ ആൻഡ് മീഡിയ എൽഎൽപി എന്ന സ്ഥാപനത്തിൻ്റെ പാർട്ണർ ആയ മുരിയാട് അറയ്ക്കൽ ഷഹനാസ് എന്ന എംഎ ഷഹനാസ് പല വിധത്തിലുള്ള ഐഡികൾ ഉപയോഗിക്കുന്നതായി എൻ്റെ ശ്രദ്ധയിൽപ്പെട്ടു. അവർ പാൻ കാർഡിലും, പാസ്പോർട്ടിലും മുരിയാട് അറയ്ക്കൽ ഷഹനാസ് എന്ന പേര് ഉപയോഗിക്കുന്നു. എന്നാൽ അവരുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസൻസിൽ പ്രിയ സിജേഷ് എന്ന പേരാണ് ഉപയോഗിക്കുന്നത്. ലൈസൻസിൽ ഭർത്താവിൻ്റെ അഡ്രസും, അവരുടെ ജനനതീയതിയും അവരുടെ ഫോട്ടോയും ഉപയോഗിച്ചിരിക്കുന്നു. അവരുടെ ഗൂഗിൾ പേയിലേക്ക് പണം അയക്കുമ്പോൾ 2023 ൽ banking name " priya sijeesh" എന്നായിരുന്നു. ഇതെല്ലാം സംശയകരമാണ്. ഇവരുടെ ഇടപാടുകൾ ദുരൂഹമാണ്. ഇവർ എപ്പോഴും വിദേശ യാത്ര നടത്തുകയും അവിടെ ബിസിനസ് ഉണ്ടെന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ചെറിയ ഒരു പബ്ലിക്കേഷൻ സ്ഥാപനം നടത്തുന്നത് തന്നെ കള്ളപ്പണ ഇടപാടിന് മറ ആണോയെന്ന് ഞാൻ സംശയിക്കുന്നു. അവർ അതിൻ്റെ സൗകര്യത്തിന് വേണ്ടിയാണ് പല ഐഡി കാർഡുകൾ ഉപയോഗിക്കുന്നതും ആ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതും. ഈ വിഷയത്തിൽ അങ്ങയുടെ ശ്രദ്ധ പതിയണമെന്ന് അപേക്ഷിക്കുന്നു. ഇതിൽ അങ്ങയുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. എന്നുമായിരുന്നു പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam