PA Muhammed Riyas : തിരുത്തിയത് കൊണ്ട് തെറ്റായിരുന്നില്ല എന്ന ന്യായീകരണമില്ല; നജ്മ തബ്ഷീറ

By Web TeamFirst Published Dec 10, 2021, 5:26 PM IST
Highlights

''തിരുത്താൻ തയ്യാറായത് പോസിറ്റീവായിട്ടുള്ള കാര്യമാണ്. അതിനെ പോസിറ്റീവായി തന്നെ കാണണം. എന്നാൽ അത് തെറ്റായിരുന്നില്ല എന്ന് ന്യായീകരണമില്ല. അത് തെറ്റ് തന്നെയായിരുന്നു.'' 

തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള (PA Muhammed Riyas) ലീഗ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ (Najma Thabsheera). മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയുടെ (Abdurahman Kallayi). പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ലെന്നും നജ്മ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

''നടത്തിയ പ്രസ്താവന അദ്ദേഹം തിരുത്തി പറഞ്ഞിട്ടുണ്ട്. ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞ് കുറിപ്പിറക്കിയിട്ടുണ്ട്. അത് തെറ്റാണ് ചെയ്തത് ശരിയല്ല, എന്ന് പറഞ്ഞ് ഞാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പൂർണ്ണമായി അങ്ങനെ തന്നെ പറയുന്നു. പക്ഷേ തിരുത്താൻ തയ്യാറായി എന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെ ചെയ്തതിന് ശേഷവും പിന്നീട് ആ പ്രശ്നത്തിന്റെ മുകളിലല്ല നിൽക്കേണ്ടത്. തിരുത്താൻ തയ്യാറായത് പോസിറ്റീവായിട്ടുള്ള കാര്യമാണ്. അതിനെ പോസിറ്റീവായി തന്നെ കാണണം. എന്നാൽ അത് തെറ്റായിരുന്നില്ല എന്ന് ന്യായീകരണമില്ല. അത് തെറ്റ് തന്നെയായിരുന്നു. തെറ്റ് മനസ്സിലാക്കി തിരുത്തി. ഇപ്പോഴുള്ള സാഹചര്യത്തിൽ അത് മാറിയിട്ടുണ്ട്. ഇനി അതിന്റെ മുകളിൽ കടിച്ചുതൂങ്ങുക എന്നുള്ളതല്ലല്ലോ?'' ഹരിത മുൻനേതാവ് നജ്മ തബ്ഷീറ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. ''മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം'' ഇതായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ അധിക്ഷേപ പരാമര്‍ശം.
 
സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും അദ്ദേഹം പറഞ്ഞു. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

പരാമർശത്തിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് ലീ​ഗ് നേതാവ് ഖേദപ്രകടനം നടത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭവത്തെക്കുറിച്ച് നജ്മ  ഫേസ്ബുക്കില്‍ രണ്ട് പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ആദ്യത്തെ കുറിപ്പ് ഇങ്ങനെ

വ്യക്തിജീവിതത്തിലേക്ക്‌ കൈകടത്തുന്ന പ്രസ്താവനകൾ നമ്മുടെ സമൂഹത്തിനു യോജിച്ചതല്ല. ജാതിയധിക്ഷേപവും വ്യക്തിയധിക്ഷേപവുമൊന്നും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള ഉപാധിയുമാവരുത്‌. അത്‌ ലീഗിന്റെ സംസ്കാരവുമല്ല. ഇന്നലത്തെ റാലിയിൽ അബ്ദുറഹ്മാൻ കല്ലായി  നടത്തിയ പരാമർശങ്ങൾ തെറ്റ്‌ തന്നെയാണ്.
ഒപ്പം : 
ഈ വിഷയം ചർച്ചയാക്കി ശ്രദ്ധയിൽ പെടുത്തിയ സുഹൃത്തുക്കൾക്ക്‌ നന്ദി.. കോഴിക്കോട്‌ കടപ്പുറം ജനനിബിഢമാക്കിയ മുസ്ലിം ലീഗ്‌ റാലി നിങ്ങളും ശ്രദ്ധയോടേ കാതോർത്തുവെന്നതിൽ സന്തോഷം. റാലിയെ അഭിസംബോധന ചെയ്ത്‌ മറ്റു ചിലരും സംസാരിച്ചിരുന്നു. സയ്യിദ്‌ സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും, കെ പി എ മജീദും, കെ എം ഷാജിയും, പി കെ ഫിറോസും സംസാരിച്ചതു കൂടി കേട്ടു കാണുമെന്നു പ്രതീക്ഷിക്കുന്നു. വഖഫ്‌ വിഷയം രാഷ്ട്രീയമാണ്. അതിന്മേലുള്ള താങ്കളുടെ മറുപടി കൂടി അറിയാൻ താൽപര്യപ്പെടുന്നു..

രണ്ടാമത്തെ കുറിപ്പ്

വന്നുപോയ തെറ്റിനെ അംഗീകരിക്കാൻ തയ്യാറായിട്ടുണ്ട്‌, അബ്ദുറഹ്മാൻ കല്ലായി പരസ്യമായി അദ്ദേഹത്തിന്റെ പ്രസ്താവനയെ തിരുത്തിയിട്ടുണ്ട്‌‌, ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌.. ഇന്നു രാവിലെ മുതൽ ജെൻഡറും,വ്യക്തി സ്വാതന്ത്ര്യവും പറയുകയും അതിനായി വാദിക്കുകയും ചെയ്തവർ ഇന്നലെ വരെ അനുപമയിലും അജിത്തിലും അങ്ങനെയായിരുന്നോ എന്നൊന്നും ചോദിക്കാൻ മെനക്കെടുന്നില്ല. രാഷ്ട്രീയ സംവാദങ്ങളിലെ മാന്യത അങ്ങനെ കൗണ്ടർ ചോദ്യങ്ങൾ കൊണ്ട്‌ എതിരിടേണ്ടതും പരിഹരിക്കപ്പെടേണ്ടതും ആണെന്ന് വിശ്വസിക്കുന്നുമില്ല. ഞാൻ എന്റെ നേരത്തെയിട്ട പോസ്റ്റിലെ ചോദ്യം തന്നെയാവർത്തിക്കുന്നു, 'വഖഫ്‌' വിഷയത്തിൽ നിങ്ങൾക്കെന്താണു മറുപടി..!!? പി എസ്‌ സി ക്കു വിടേണ്ട ഒരു വകുപ്പായി വിശ്വസിക്കുന്നുവോ? പി എസ്‌ സി യുടെ വിശ്വാസ്യതയും, ഈ തീരുമാനങ്ങളിലെ ഗവണ്മെന്റിന്റെ വ്യഗ്രതയും നിഷ്കളങ്കമായി കാണാൻ സാധിക്കുന്നുണ്ടോ?" നമുക്കു വഖഫിനെ കുറിച്ചു സംസാരിക്കാം.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധയോഗം നടത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ലീഗിന് ആഘാതമായിരുന്നു. പിന്നീടാണ് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.

click me!